ഇംഫാല്‍ : അവസാനഘട്ട നിയമസഭ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കി മണിപ്പൂര്‍. 76.04 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു. ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിലെ ജനങ്ങളാണ് ശനിയാഴ്‌ച വിധിയെഴുതിയത്.
പോളിങ് കുറവ് തമെങ്‌ലോങില്‍
കനത്ത സുരക്ഷയും ശക്തമായ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 28 നായിരുന്നു ഒന്നാം ഘട്ടം. സേനാപതി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ മൂന്ന് നിയമസഭ മണ്ഡലങ്ങളാണുള്ളത്.
തൗബല്‍ ജില്ലയില്‍ 10 മണ്ഡലങ്ങളാണുള്ളത്. മൂന്ന് മണ്ഡലങ്ങളുള്ള ഉഖ്രുൽ, ചന്ദേൽ ജില്ലകളിൽ യഥാക്രമം 71.57, 76.71 എന്നിങ്ങനെയാണ് വോട്ടിങ് രേഖപ്പെടുത്തിയത്. മൂന്ന് മണ്ഡലങ്ങളുള്ള തമെങ്‌ലോങ് ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്. ഇവിടെ 66.40 ശതമാനമണ് രേഖപ്പെടുത്തിയത്. ഒരു മണ്ഡലം മാത്രമുള്ള ഏറ്റവും ചെറിയ ജില്ലയായ ജിരിബാമിൽ 75.02 ശതമാനവും പോളിങ് രേഖപ്പെടുത്തുകയുണ്ടായി.
ബി.ജെ.പി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. വാങ്‌ജിങ് തെന്ത മണ്ഡലത്തിലെ വാങ്‌ജിങ് വാങ്‌ഖേയിൽ ശനിയാഴ്‌ച പുലർച്ചെ ആയുധധാരികളായ അക്രമികൾ ബി.ജെ.പി പ്രവർത്തകനെ വെടിവച്ചുകൊന്നു. ലീമാപോക്‌പാം അമുബ സിങ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വയറ്റില്‍ മൂന്ന് തവണ വെടിയേറ്റു.
സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫിസർക്ക് ബി.ജെ.പി പരാതി നൽകി. പരാതിയെ തുടര്‍ന്ന് പോളിങ് നിർത്തിവച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. വാങ്‌ജിങ് തെന്ത നിയോജക മണ്ഡലത്തിലെ തെന്തയിൽ വെള്ളിയാഴ്‌ച രാത്രി രാകേഷ് നൗറെം എന്നയാളുടെ വീട് അജ്ഞാതർ കത്തിച്ചിരുന്നു.
ALSO READ: Manipur Election | വിവിധയിടങ്ങളില്‍ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു