മംഗളൂരു (കർണാടക): ഓട്ടോറിക്ഷ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുമെന്ന് ഡിജിപി പ്രവീണ്‍ സൂദ്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനായി പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി. ഡിജിപിക്കൊപ്പം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും സംഭവ സ്ഥലവും സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഓട്ടോ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയേയും സന്ദര്‍ശിച്ചു.
പ്രതി മുഹമ്മദ് ഷാരിഖിന്‍റെ സാന്നിധ്യമുണ്ടായ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കന്യാകുമാരിയിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. കേസ് അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ എൻഐഎയും കേന്ദ്ര ഏജൻസികളും അന്വേഷണത്തിന്‍റെ ഭാഗമായിട്ടുണ്ടെന്നും എന്നിരുന്നാലും ഉചിതമായ സമയത്ത് കേസ് എന്‍ഐഎയ്ക്ക് കൈമാറുമെന്നും ഡിജിപി വ്യക്തമാക്കി.
ബി.കോം ബിരുദധാരിയായ ഷാരിഖ് ശനിയാഴ്‌ചയാണ് ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടത്തിയത്. ഓട്ടോറിക്ഷയുടെ ടയർ പൊട്ടിത്തെറിച്ചതോ സാങ്കേതിക തകരാറോ മൂലമാണ് തീപിടിത്തമുണ്ടായതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും സ്‌ഫോടനം നടന്ന സ്ഥലത്തെ തെളിവുകള്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നയിക്കുകയായിരുന്നെന്നും ഡിജിപി പ്രവീണ്‍ സൂദ് കൂട്ടിച്ചേര്‍ത്തു.