ചെന്നൈ: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ നിന്ന് 830 കിലോമീറ്റർ അകലെ പടിഞ്ഞാറ്- വടക്ക്പടിഞ്ഞാറ് ദിശയിൽ 12 കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന ത്രീവന്യൂനമർദം ബുധനാഴ്‌ച വൈകിട്ടോടെ മാൻഡൂസ് ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഡിസംബർ 9, 10 തീയതികളിൽ ഇത് വടക്കു കിഴക്കൻ പുതുച്ചേരിയിലും സമീപത്തുള്ള തെക്കൻ ആന്ധ്ര തീരപ്രദേശത്തേക്കും നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തത്ഫലമായി തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും തമിഴ്‌നാട്ടിലെ ഉൾനാടൻ ജില്ലകളിലെ ചില സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ചെന്നൈക്ക് മീതെ മാൻഡൂസ്: ഡിസംബർ 9ന് ചെന്നൈ, കല്ലകുറിച്ചി, അരിയല്ലൂർ, കടലൂർ, വില്ലുപുരം, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, പേരാമ്പ്ര, മയിലാടുതുറൈ, തഞ്ചൂർ, തിരുവാരൂർ, നാഗപട്ടണം, കാരയ്ക്കൽ എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിൽ അതിശക്‌തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡിസംബർ 10ന് തമിഴ്‌നാട്ടിലെ തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി, ധർമ്മപുരി, ഈറോഡ്, സേലം, നാമക്കൽ, കല്ല്കുറിച്ചി, വില്ലുപുരം ജില്ലകളിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്
ആന്ധ്രയിലും മുന്നറിയിപ്പ്: ആന്ധ്രാപ്രദേശിലെ തെക്കൻ തീരദേശ ജില്ലകളായ നെല്ലൂർ, പ്രകാശം, ചിറ്റൂർ, രായലസീമയിലെ അനന്തപൂർ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുതൽ ബാധിക്കുക. തെക്കൻ ആന്ധ്രാപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 8ന് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡിസംബർ 9, 10 തീയതികളിൽ ആന്ധ്രാപ്രദേശിന്‍റെ വടക്കൻ തീര പ്രദേശങ്ങളിലും, തെക്കൻ തീര പ്രദേശങ്ങളിലും, യാനം, രായലസീമ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.
അതേസമയം മാൻഡൂസ് ചുഴലിക്കാറ്റിനെ നേരിടാൻ ദുരന്തനിവാരണ സേനയെ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ആറ് ടീമുകളെ തമിഴ്‌നാട്ടിലെ ചെന്നൈ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, മയിലാടുതുറൈ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡിസംബർ 8,9,10 തീയതികളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചെന്നൈ കോർപ്പറേഷൻ അധികൃതർക്ക് നിർദേശങ്ങളും നൽകിയിട്ടുണ്ട്.
പ്രധാന നിർദേശങ്ങൾ
- കഴിഞ്ഞ തവണത്തെ മഴയിൽ മഴവെള്ളം കെട്ടിനിന്ന സ്ഥലങ്ങളിൽ മോട്ടോറുകൾ സജ്ജമായി സൂക്ഷിക്കണം. ആവശ്യമുള്ളിയിടത്ത് അധിക മോട്ടോറുകളും കരുതണം.
- ഡിസംബർ എട്ട് മുതൽ 10 വരെ കോർപറേഷനിലെ ഫീൽഡ് വർക്കർമാർ 24 മണിക്കൂറും ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം. ജീവനക്കാരുടെ ജോലി സമയം റൊട്ടേഷൻ അടിസ്ഥാനത്തിൽ നൽകണം.
- എല്ലാ വാർഡുകളിലും 10 താത്കാലിക തൊഴിലാളികൾ സജ്ജരാണെന്ന് സോണൽ അധികൃതർ ഉറപ്പാക്കണം. എല്ലാ സോൺ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കണം.
- അപകടകരമായ രീതിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്യണം. മരങ്ങൾ നീക്കം ചെയ്യുന്നത് സോണൽ ലെവൽ അധികൃതർ പരിശോധിച്ച് സ്ഥിരീകരിക്കണം. മരം മുറിക്കാൻ ആവശ്യമായ യന്ത്രങ്ങളും സജ്ജമാക്കി സൂക്ഷിക്കണം.
- നിലവിലുള്ള എല്ലാ അഴുക്കുചാലുകളും പുതുതായി നിർമിച്ച മഴവെള്ള ഡ്രെയിനുകളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
- എല്ലാ വാർഡുകളിലും മെഡിക്കൽ സംഘം സജ്ജരായിരിക്കണം. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്ന് മെഡിക്കൽ സംഘം ഉറപ്പാക്കണം.
- തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുനിസിപ്പൽ വൈദ്യുതി വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിക്കണം.
- അനുമതിയില്ലാതെ സ്ഥാപിച്ച ബാനറുകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്യണം.