ദിയോരിയ(യുപി) : പാമ്പ് കടിയേറ്റ് മരിച്ചെന്ന് കരുതിയ ആള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. യുപിയിലെ ദിയോരിയ ജില്ലയിലെ മുരാസോ ഗ്രാമത്തിലെ അങ്കേഷ് യാദവാണ് ഇങ്ങനെ തിരിച്ച് വന്നത്. 10 വയസുള്ളപ്പോഴാണ് ഇയാളെ പാമ്പ് കടിച്ചത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ അങ്കേഷ് മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് ആ ഗ്രാമത്തിലെ ആചാരപ്രകാരം ഒരു വാഴത്തണ്ടില്‍ അങ്കേഷിന്‍റെ ശരീരം അടുത്തുള്ള ഒരു നദിയില്‍ ഒഴുക്കി വിട്ടു. തനിക്ക് ബോധം വരുമ്പോള്‍ ബിഹാര്‍ - പറ്റ്‌നയിലെ അമന്‍ മലി എന്ന പാമ്പാട്ടി തന്നെ ചികിത്സിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. അമന്‍ മലിയാണ് തന്നെ രക്ഷിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു.
അഞ്ച് വര്‍ഷം മുമ്പ് അമന്‍ മലി തന്നെ പഞ്ചാബില്‍ കൊണ്ട് പോയെന്നും അവിടെ ഒരു ഭൂവുടമയുടെ കീഴില്‍ ജോലി ചെയ്‌തുവെന്നും യുവാവ് വിശദീകരിക്കുന്നു. പിന്നീട് തന്‍റെ ഗ്രാമത്തിലേക്ക് പോകണമെന്നുള്ള ആഗ്രഹം തോന്നുകയായിരുന്നു. ഗ്രാമത്തിന്‍റെ പേരും കുടുംബാംഗങ്ങളുടെ പേരും ഓര്‍മയുണ്ടായിരുന്നു.
പഞ്ചാബില്‍ നിന്ന് ഒരു ട്രക്കിലാണ് യുപിയിലെ അസംഗഡിലേക്ക് വരുന്നത്. അവിടെ നിന്ന് ഒരാളോട് ഗ്രാമത്തിന്‍റെ പേര് പറഞ്ഞു. അങ്ങനെ ആ വ്യക്തി മുരാസോ ഗ്രാമത്തിലെ ഒരാളുടെ വാട്‌സാപ്പിലേക്ക് തന്‍റെ ഫോട്ടോ അയച്ചു.
തുടര്‍ന്ന് മുരാസോ ഗ്രാമത്തിലെ ക്രമസമാധാനത്തിന്‍റെ ചുമതലയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് അങ്കേഷിന്‍റെഅമ്മ കമലാദേവി അടക്കമുള്ള ബന്ധുക്കള്‍ അവിടെ എത്തുകയും ഇയാളെ തിരിച്ചറിയുകയും ചെയ്‌തു.