ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ ട്രാന്‍സ്‌ജെന്‍റര്‍ യുവതിയെ വിവാഹം ചെയ്‌ത് 48കാരന്‍. ഹമീര്‍പൂര്‍ സ്വദേശിയായ ഛത്രപാല്‍ സിങ്ങാണ് ബില്ലോ റാണിയെന്ന ട്രാന്‍സ് വുമണിനെ ജീവിത സഖിയാക്കിയത്. ശനിയാഴ്‌ച സരില മേഖലയിലെ തോല ഖംഗരന്‍ ഗ്രാമത്തില്‍ വച്ചാണ് ഛത്രപാല്‍ സിങ് ബില്ലോ റാണിയ്‌ക്ക് താലിചാര്‍ത്തിയത്.
ലളിതമായ രീതിയിലായിരുന്നു വിവാഹം. കഴിഞ്ഞ 20 വര്‍ഷമായി ഛത്ര പാല്‍ സിങ് വിവാഹിതനാകാനായി യുവതിയെ അന്വേഷിച്ചിരുന്നെങ്കിലും സ്വന്തം താത്‌പര്യത്തിന് അനുസരിച്ചുള്ള ഒരാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ബില്ലോ റാണിയെ കണ്ടുമുട്ടിയത്. അതോടെ റാണിയെ തന്‍റെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
വിവാഹത്തിനെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി ഛത്രപാല്‍ സിങ് ബില്ലോ റാണിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി. വരനും വധുവിനും വിവിധയിടങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. വിവാഹത്തിനെത്തിയവര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു.
വിവാഹത്തിന് ശേഷം ഡിജെ മ്യൂസികും ഗാനമേളയുമെല്ലാം ഒരുക്കിയിരുന്നു. തോല ഖംഗരന്‍ ഗ്രാമവാസിയായ നാഖുറാം സിങ്ങിന്‍റെ ഇളയ മകനാണ് ഛത്രപാല്‍ സിങ്. മൂത്ത മകന്‍ നാഥുറാം വിവാഹിതനായിരുന്നു.