പ്രയാഗ്‌രാജ് (യുപി): ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവിനെ ജിആർപി ഉദ്യോഗസ്ഥർ തള്ളിയിട്ട് കൊലപ്പെടുത്തി. ജാർഖണ്ഡ് സ്വദേശിയായ അരുൺ ഭൂയാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ദാദറിൽ നിന്നും മുംബൈ-ഹൗറ മെയിലിൽ സഹോദരൻ അർജുനൊപ്പം യാത്ര ചെയ്യുകയായിരുന്നു അരുൺ.
വ്യാഴാഴ്‌ച രാത്രി ട്രെയിനിൽ കയറിയ രണ്ട് ജിആർപി ജവാൻമാർ ടിക്കറ്റ് പരിശോധനയുടെ പേരിൽ യാത്രക്കാരിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ചു. അധിക പണം നൽകി ടിടിഇയിൽ നിന്ന് ടിക്കറ്റ് എടുത്ത് ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന അരുൺ ഇതിന്‍റെ പേരിൽ ജിആർപി ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി.
തുടർന്ന് ഇരുവരും ചേർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അരുണിനെ തള്ളി താഴെയിടുകയായിരുന്നുവെന്ന് ജിആർപി വൃത്തങ്ങൾ പറയുന്നു.
സംഭവത്തെ തുടർന്ന് ഇരു ഉദ്യോഗസ്ഥർക്കുമെതിരെ ഐപിസി സെക്ഷൻ 302, 304, അഴിമതി നിരോധന നിയമം, എസ്‌സി-എസ്‌ടി ആക്‌ട് എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. എന്നാൽ കൊലപാതകത്തിന്‍റെ പേരിൽ ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. രണ്ട് ജിആർപി ഉദ്യോഗസ്ഥരും നിലവിൽ ഒളിവിലാണ്.