ബെംഗളൂരൂ: കാമുകിക്കായി ലക്ഷങ്ങള്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്‌ടിച്ചതിന് യുവാവ് പിടിയില്‍. അബ്‌ദുള്‍ മനാഫ് എന്ന ആളെയാണ് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആറ് ഫോണുകള്‍ മോഷ്‌ടിച്ചതിന് ജെ.പി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂലൈ 20ന് ക്രോമ ഇലക്‌ട്രോണിക് ഷോറൂമില്‍ മൊബൈല്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തിയ പ്രതി സ്‌ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിച്ചിരുന്നായിരുന്നു മോഷണം നടത്തിയത്.
പതിവുപോലെ രാത്രി ഷോറൂം അടച്ച് ജീവനക്കാരന്‍ മടങ്ങിയ സമയത്തായിരുന്നു മോഷണം. അടുത്ത ദിവസം തന്നെ ഏതാനും ഫോണുകള്‍ മോഷണം പോയി എന്ന സംശയത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളരെ വിദഗ്‌ധമായ രീതിയില്‍ മോഷണം നടത്തിയ പ്രതിയെ കണ്ടെത്താനായത്. മോഷ്‌ടിച്ച ശേഷം പ്രതി സ്‌ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്കുകയായിരുന്നു. ശേഷം ഇയാള്‍ ഷോറൂമിന്‍റെ താഴത്തെ നിലയിലൂടെ രക്ഷപ്പെട്ടതായും സിസിടിവിയില്‍ വ്യക്തമാണ്.
കാമുകി പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ തന്‍റെ കൈയ്യില്‍ പുതിയ ഫോണ്‍ വാങ്ങാനാവശ്യമായ പണം ഇല്ലാതിരുന്നതാണ് ഇത്തരമൊരു മോഷണം നടത്താന്‍ കാരണമെന്നും പ്രതി പറഞ്ഞു. മോഷ്‌ടിച്ചതില്‍ നിന്ന് ഒരു ഫോണ്‍ തന്‍റെ കാമുകിക്ക് നല്‍കാനും ബാക്കി നാല് ഫോണ്‍ വില്‍ക്കാനുമായിരുന്നു പ്രതിയുടെ നീക്കം.