ഭുവനേശ്വർ: ഒഡീഷയിലെ നബരംഗ്‌പൂരില്‍ മാവോയിസ്റ്റ് എന്ന് സംശയിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി. നാരായണ നാഗേഷാണ് (38) മരിച്ചത്. റായ്‌ഘറിലെ ലക്ഷ്‌മണ്‍പൂരില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. ബരംഗ്‌പൂരിലെ വനമേഖലയിലെത്തിയ ഇയാള്‍ വനഭൂമി കൈയേറുകയും കാട് വെട്ടിത്തെളിച്ച് ഭൂമി പാട്ടത്തിന് നല്‍കുകയും ചെയ്‌തിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് ഇയാളെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.
സാധാരണക്കാരെയാണ് മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നതെന്നും മേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അധികരിച്ചിട്ടുണ്ടെന്നും അതിന് തടയിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒഡിഷയിലും ഛത്തീസ്‌ഗഡിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും രണ്ടിടങ്ങളിലുമായി മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
മാവോയിസ്റ്റുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഇത്തരം വനമേഖലകളാണ് ഉപയോഗപ്പെടുത്തുകയെന്നും ഛത്തീസ്‌ഗഡില്‍ ഒരാള്‍ കൊലപ്പെടുത്തിയതിന് ശേഷം തിരികെ പോയ മാവോയിസ്റ്റുകള്‍ വീണ്ടും തിരിച്ചെത്തി രണ്ടാമത്തെയാളെയും കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിരവധി ആക്രമണങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.