മുംബൈ : ട്രെയിനിൽ യുവതിയെ ചുംബിച്ച കേസിൽ ഏഴ് വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരനായ കിരൺ സുജ ഹോനവറിന് (37) ഒരു വർഷത്തെ കഠിന തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2015 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
തന്‍റെ സുഹൃത്തുക്കളോടൊപ്പം ഗോവണ്ടിയിൽ നിന്ന് സിഎസ്എംടി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു യുവതി. ഇതിനിടെ ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ എത്തിയപ്പോൾ പ്രതി യുവതിയുടെ വലതുകവിളിൽ ചുംബിക്കുകയും അപമാനിക്കുകയും ചെയ്‌തു.
തുടർന്ന് യുവതി റെയിൽവേ പൊലീസിൽ പരാതി നൽകി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ ഐപിസി 354, 354 (എ) (1) വകുപ്പുകൾ പ്രകാരം കേസെടുത്തു. അന്നത്തെ അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടർ ഗൺപത് ഗോണ്ട്കെ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ALSO READ: ഡൽഹിയിൽ 16കാരിയായ ഭിന്നശേഷിക്കാരിക്ക് പീഡനം ; അയൽവാസി പിടിയിൽ
അന്വേഷണത്തിനിടെ നിരവധി സാക്ഷികളെ വിസ്‌തരിച്ച് ശക്തമായ തെളിവുകൾ ശേഖരിച്ച് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഎസ്എംടി റെയിൽവേ പൊലീസ് വ്യക്തമാക്കി. സർക്കാരിന് വേണ്ടി പൊലീസ് പ്രോസിക്യൂട്ടർ കടൗർ യു.ഷൈഖാണ് കേസിന്‍റെ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്.