ഗാന്ധിനഗര്‍ : സാന്‍ഡ്‌വിച്ച് ബുള്ളറ്റ് രാജ, സൂറത്ത് സ്വദേശി ഹിതേഷ് പട്ടേലിന് ഈ പേര് വന്നതിന് പിന്നിലൊരു കഥയുണ്ട്. ഭക്ഷണ പ്രേമം മൂത്ത് ഒരു ദിവസം ബുള്ളറ്റുമായി നിരത്തില്‍ ഇറങ്ങിയതാണ് ഹിതേഷ്. സൂറത്തിലെ ഓരോ തെരുവുകളിലും ഇന്ന് സാന്‍ഡ്‌വിച്ച് ബുള്ളറ്റിന്‍റെ ഖ്യാതി പടര്‍ന്നിട്ടുണ്ട്.
ചലിക്കുന്ന റസ്‌റ്ററന്‍റ്
അന്നും ഇന്നും എന്നും ഹിതേഷിന് ഭക്ഷണത്തിനോടാണ് പ്രേമം. സ്വന്തമായി ഒരു റസ്‌റ്ററന്‍റ് തുടങ്ങണമെന്ന ആഗ്രഹത്തിന് കൊവിഡ് വിലങ്ങ് തടിയായി. പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഹിതേഷ് പക്ഷേ തോറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.
തന്‍റെ വഴിമുടക്കിയ കൊവിഡിനെ എങ്ങനെ മറികടക്കാമെന്ന് ആലോചിച്ചു. കൊവിഡ് കാലത്ത് ഒരു കട തുടങ്ങാനും നടത്തികൊണ്ടുപോകാനും എളുപ്പമല്ല. അങ്ങനെയാണ് ചലിക്കുന്ന റസ്റ്ററന്‍റ് എന്ന ആശയം ഉരുത്തിരിഞ്ഞത്.
ബുള്ളറ്റ് റസ്‌റ്ററന്‍റ്
യൂട്യൂബില്‍ വിദേശ രാജ്യങ്ങളിലെ ഫാസ്റ്റ് ഫുഡ് ട്രക്കുകളെ കുറിച്ച് കണ്ടതാണ് പ്രചോദനമായത്. സാന്‍ഡ്‌വിച്ച് ഉണ്ടാക്കി വില്‍ക്കാന്‍ ഹിതേഷ് തന്‍റെ ബുള്ളറ്റ് മോടി പിടിപ്പിച്ചു. ഒന്നര ലക്ഷം രൂപ പൊടിഞ്ഞെങ്കിലും സാന്‍ഡ്‌വിച്ച് ബുള്ളറ്റ് ഇന്ന് ഹിറ്റാണ്.
Also read: ടോക്കിയോ ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി
പാചകം ചെയ്യാനായി ഒരു പ്രത്യേക ഭാഗം ബുള്ളറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഹിതേഷ് തന്നെയാണ് ബുള്ളറ്റ് രൂപകൽപ്പന ചെയ്‌തത്. ചാര്‍ക്കോള്‍ അവനിലും സാൻഡ്‌വിച്ച് ടോസ്റ്ററിലുമാണ് സാന്‍വിച്ച് ഉണ്ടാക്കുന്നത്.
ബ്രെഡ്, കാപ്‌സിക്കം, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, കാബേജ്, ഗ്രീൻ ചട്‌ണി, വെണ്ണ, ചീസ് എന്നിവയാണ് ചേരുവകള്‍. ഫയർ ഗണിന്‍റെ സഹായത്തോടെയാണ് സാന്‍ഡ്‌വിച്ച് ചൂടാക്കുന്നത്. വഴിയോരത്ത് ബുള്ളറ്റ് ഒതുക്കി സാന്‍ഡ്‌വിച്ച് ഉണ്ടാക്കി വില്‍ക്കും.
കൗതുകം കൊണ്ട് എത്തുന്നവരാണ് ഏറെയും. എങ്കിലും ഒരു തവണ ബുള്ളറ്റ് രാജയുടെ സാന്‍ഡ്‌വിച്ച് കഴിച്ചവര്‍ ആ രുചി മറക്കില്ല. രുചി തേടി വീണ്ടുമെത്തുന്നവര്‍ തന്നെ അതിന് സാക്ഷ്യം.