ഹരിയാന : രോഗം ബാധിച്ചയാള്‍ക്ക് വൃക്ക ആവശ്യമാണെന്ന് പറഞ്ഞുള്ള നിരവധി സന്ദേശങ്ങള്‍ നമ്മള്‍ കാണാറുണ്ട്. ഫരീദാബാദിലെ തെരുവോരത്ത് നിന്നുള്ള വ്യത്യസ്‌തമായൊരു കാഴ്‌ചയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'വൃക്ക വില്‍പനയ്‌ക്ക്' എന്നെ എഴുതിയ ബോര്‍ഡുമായി അലഞ്ഞ് തിരിയുകയാണ് ബിഹാറിലെ പട്‌ന സ്വദേശിയായ സഞ്ജീവെന്ന യുവാവ്.
ഇയാളുടെ കൈയിലുള്ള ബോര്‍ഡില്‍ ഏതാനും ചിലരുടെ ഫോട്ടോയും സ്വന്തം ഫോണ്‍ നമ്പറുമെല്ലാം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ചോദിക്കുന്നവരോട് സഞ്ജീവ് പറയുന്നത് ഒന്ന് മാത്രം. ഇതെല്ലാം ചെയ്യാന്‍ തന്‍റെ ഭാര്യയും അവളുടെ വീട്ടുകാരും തന്നെ നിര്‍ബന്ധിച്ചുവെന്ന്.
വൃക്ക വില്‍ക്കാനുള്ള കാരണം : ഭാര്യയും ഭാര്യ വീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും ഭാര്യ വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തുകയാണെന്നും സഞ്ജീവ് പറയുന്നു. തനിക്കെതിരെ സ്‌ത്രീധന പീഡനത്തിന് ഭാര്യയും അവളുടെ കുടുംബവും നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കഴിഞ്ഞ ആറ് വര്‍ഷമായി കേസ് നടക്കുകയാണെന്നും വിവാഹമോചനത്തിനൊപ്പം ഭാര്യ ആവശ്യപ്പെടുന്ന 10 ലക്ഷം രൂപയായ നഷ്‌ട പരിഹാരം നല്‍കണമെന്നും അതിനായാണ് വൃക്ക വില്‍ക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ജീവ് ഈ ബോര്‍ഡുമായി അലഞ്ഞെന്ന് പറയുന്നു. വിവാഹമോചനത്തിന് താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭാര്യ സമ്മതിച്ചില്ലെങ്കില്‍ വൃക്ക വിറ്റ് പണം കണ്ടെത്തി നഷ്‌ട പരിഹാര തുക നല്‍കുമെന്നും യുവാവ് പറഞ്ഞു. പരസ്യ ബോര്‍ഡ് കണ്ട് നിരവധി ആവശ്യക്കാര്‍ തന്നെ സമീപിച്ചെന്നും എട്ട് ലക്ഷം രൂപ വരെ നല്‍കാമെന്ന് പറഞ്ഞെന്നും സഞ്ജീവ് പറയുന്നു. എന്നാല്‍ ഭാര്യ 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് കൊണ്ട് അത്രയും തുക നല്‍കിയാല്‍ മാത്രമേ വൃക്ക നല്‍കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 21നകം എനിക്ക് വൃക്ക വിറ്റ് പണം ലഭിക്കേണ്ടതുണ്ട്. ആ ദിവസത്തിനകം എനിക്ക് അതിന് സാധിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്‌ട്രപതി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവരുള്‍പ്പടെ എന്‍റെ മരണ ദിവസം സന്ദര്‍ശിക്കാനെത്തണമെന്നും സഞ്ജീവ് പറഞ്ഞു. തനിക്കെതിരെയുള്ള ഭാര്യയുടെയും കുടുംബത്തിന്‍റെയും ആരോപണത്തെ തുടര്‍ന്ന് നീതി ആവശ്യപ്പെട്ട് നിരവധി ഉദ്യോഗസ്ഥരുടെ സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി മടുത്തത് കൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
ആറ് വര്‍ഷം മുമ്പാണ് സഞ്ജീവ് വിവാഹിതനായത്. ഭാര്യ നാല് മാസം ഗര്‍ഭിണിയായിരിക്കെ അവളുടെ കുടുംബം ഗര്‍ഭം അലസിപ്പിച്ചുവെന്നും എനിക്ക് ഭാര്യയോടൊപ്പം ജീവിക്കാന്‍ താത്പര്യമുണ്ടെന്നും അവള്‍ വരാന്‍ തയ്യാറല്ലെന്നും വേദനയോടെ സഞ്ജീവ് പറഞ്ഞു. താന്‍ പണം നല്‍കിയില്ലെങ്കില്‍ തന്നെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുമാണ് പരസ്യ ബോര്‍ഡുമായി സഞ്ജീവ് ഹരിയാനയിലെത്തിയത്. ഇവിടെ വച്ചും വൃക്ക വില്‍ക്കാനായില്ലെങ്കില്‍ ഉത്തര്‍പ്രദേശിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബാനറില്‍ എഴുതിയിരിക്കുന്നത് : ഭാര്യയുടെയും അവരുടെ മാതാവിന്‍റെയും പിതാവിന്‍റെയും സഹോദരന്‍റെയും ഫോട്ടോ പതിച്ച ബോര്‍ഡില്‍ കിഡ്‌നി വില്‍പനയ്‌ക്ക് എന്നെഴുതിയിരിക്കുന്നു. വൃക്ക ആവശ്യമുള്ളവര്‍ക്ക് സഞ്ജീവിനെ ബന്ധപ്പെടാനായി സ്വന്തം ഫോണ്‍ നമ്പറും അതില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭാര്യയും അവരുടെ വീട്ടുകാരും കാരണം മാര്‍ച്ച് 21 താന്‍ ജീവനൊടുക്കുമെന്നും ഈ പരിപാടിയിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരെ ക്ഷണിച്ച് കൊള്ളുന്നുവെന്നുമാണ് ബോര്‍ഡിലെഴുതിയിരിക്കുന്നത്.