ഹൈദരാബാദ്: പോസ്റ്റുമോർട്ടം ഭയന്ന് മൃതദേഹവുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ച് മരിച്ചയാളുടെ ബന്ധു. ഹൈദരാബാദിലെ തങ്കലപ്പള്ളിയിൽ ലക്ഷ്‌മിപൂർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ജഡല മല്ലയ്യ (65) എന്നയാളെ വെള്ളിയാഴ്‌ച പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രാവിലെ കുടുംബാംഗങ്ങൾ അന്ത്യകർമ്മങ്ങൾ നടത്താനൊരുങ്ങി.
എന്നാൽ വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടു. മല്ലയ്യയുടെ കുടുംബാംഗങ്ങൾ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വിസമ്മതിച്ചു. മല്ലയ്യ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നും മരണത്തിൽ തങ്ങൾക്ക് സംശയമില്ലെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
പൊലീസ് കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ മല്ലയ്യയുടെ സഹോദരന്‍റെ മകൻ രാജു മൃതദേഹം തോളിലേറ്റി ശ്‌മശാനത്തിലേക്ക് ഓടുകയായിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് ഇയാളെ തടയുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിരിസില്ലയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
വ്യാഴാഴ്‌ച രാത്രി വീട്ടുകാരെല്ലാം ഒരുമിച്ച് അത്താഴം കഴിച്ച ശേഷം ഉറങ്ങാനായി കിടന്നതായിരുന്നു മല്ലയ്യ. തുടർന്ന് വെള്ളിയാഴ്‌ച പുലർച്ചെ മല്ലയ്യയെ മരിച്ച നിലയിൽ കാണുകയായിരുന്നു. സംഭവത്തിൽ സംശയാസ്‌പദമായ മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ഹെഡ് കോൺസ്റ്റബിൾ സാംബശിവറാവു പറഞ്ഞു.