അഞ്ജലിയെ കാണാനില്ലെന്ന് കെട്ടുകഥയുണ്ടാക്കി, കൊലക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിയും ; പെണ്ണായി വിളിച്ച് 3 ലക്ഷം തട്ടിയയാള്‍ പിടിയില്‍ - ഫരീദാബാദ് ആള്‍മാറാട്ടം
Cheats youth over fake murder charge : ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പണം തട്ടി. പ്രതി ഉത്തർപ്രദേശിൽ പിടിയില്‍
Published : Dec 18, 2023, 2:34 PM IST
ഫരീദാബാദ് (ഹരിയാന) : പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന് കെട്ടുകഥയുണ്ടാക്കി ഭീഷണിപ്പെടുത്തി, ആള്‍മാറാട്ടത്തിലൂടെ യുവാവില്‍ നിന്ന് പണം തട്ടിയയാള്‍ അറസ്റ്റില്‍. സ്‌ത്രീയെന്ന വ്യാജേന, സോഷ്യൽ മീഡിയയിലൂടെ യുവാവിനെ കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപ തട്ടിയതിന് ബിഹാര്‍ - ഗോപാൽഗഞ്ച് ജില്ലയിലെ കപുർചിക് സ്വദേശി ദിൽഷാദ് ഹുസൈൻ എന്ന കാദറിനെയാണ് ഫരീദാബാദ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത് (Cheats youth over fake murder charge).
പരാതിക്കാരനായ കമൽ ഇൻസ്റ്റഗ്രാമിൽ അഞ്ജലി എന്ന പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഒരു ദിവസം ബദർപൂർ അതിർത്തിക്കടുത്തുവച്ച് കാണണമെന്ന് യുവതിയോട് ഇയാള്‍ പറഞ്ഞിരുന്നു. അന്ന് ഇയാള്‍ എത്തിയെങ്കിലും പെൺകുട്ടിയെ കാണാനായില്ല. അതേദിവസം തന്നെ അഞ്ജലിയുടെ ഹോസ്റ്റൽ ഇൻചാർജെന്ന വ്യാജേന പ്രതി വിളിച്ച് പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്തിയിട്ടില്ലെന്ന് അറിയിച്ചു.
അഞ്ജലിയെ കാണാനില്ലെന്ന് കെട്ടുകഥയുണ്ടാക്കിയ പ്രതി കമല്‍ അവളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിക്കുകയും ചെയ്‌തു. ഇതോടെ, കൊലപാതക കേസില്‍ അകപ്പെടുമോയെന്ന് കമല്‍ ഭയന്നു. വിവരം ആരോടും പറയാതിരിക്കാന്‍ 20,000 രൂപ ദില്‍ഷാദ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കമല്‍ 15,000 രൂപ നല്‍കി. എന്നാല്‍ കൊലപാതക കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി വീണ്ടും കമലിനെ ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി വീണ്ടും പണം നല്‍കി. എന്നാല്‍ പിന്നീട് ആണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് ഇയാള്‍ തിരിച്ചറിയുന്നത്.
ഇതോടെ കമൽ ഫരീദാബാദ് സൈബർ ക്രൈം പൊലീസിൽ 3,13000 രൂപ ദില്‍ഷാദ് തട്ടിയതായി കാണിച്ച് പരാതി നൽകി. സൈബർ കുറ്റങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഉത്തർപ്രദേശിൽ നിന്ന് ദിൽഷാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ആള്‍മാറാട്ടം, പ്രതി പിടിയില്‍ : കഴിഞ്ഞ ദിവസം (ഡിസംബര്‍ 16) ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിന് കശ്‌മീരി പൗരനെ ഒഡിഷ പൊലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ, ന്യൂറോ സ്പെഷ്യലിസ്റ്റ് ഡോക്‌ടർ, ആർമി ഡോക്‌ടർ, ഉയർന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍റെ അടുത്ത അനുയായി എന്നിങ്ങനെ പരിചയപ്പെടുത്തിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. ചില ദേശവിരുദ്ധ വ്യക്തികളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
നിരവധി സത്യവാങ്മൂലങ്ങൾ, ബോണ്ടുകൾ, എടിഎം കാർഡുകൾ, ബ്ലാങ്ക് ചെക്കുകൾ, ആധാർ കാർഡുകൾ, വിസിറ്റിംഗ് കാർഡുകൾ എന്നിവയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കശ്‌മീർ, യുപി, മഹാരാഷ്‌ട്ര, ഒഡിഷ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 6-7 സ്‌ത്രീകളെയെങ്കിലും പ്രതി വിവാഹം ചെയ്‌തിട്ടുണ്ടെന്നും എസ്‌ടിഎഫ് ഐജി ജെഎൻ പങ്കജ് പറഞ്ഞു.