ബിഷ്‌ണുപൂര്‍ (പശ്ചിമ ബംഗാള്‍) : കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു. ബിഷ്‌ണുപൂരിലെ സർദാ ഗാർഡൻ ഏരിയയിലാണ് കൊലപാതകം നടന്നത്. ഭാര്യ മുംതാസ് സേഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അലീം ഷെയ്ഖിനെ പൊലീസ് അറസ്‌റ്റ് ചെയ്തു.
കൊലപാതകം വെളിച്ചത്താകുന്നത് ഇങ്ങനെ: ബിഷ്ണുപുരിലെ സർദ ഗാർഡൻ പ്രദേശത്തെ കുളത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസിന് സംശയം തോന്നിയതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭര്‍ത്താവ് പിടിയിലാകുന്നത്. അതേസമയം സംഭവത്തില്‍ ഇയാള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുര്‍ഷിദാബാദ് നിവാസിയും കല്‍പ്പണിക്കാരനുമായ അലീം മുംതാസിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം അലീം ബിഷ്‌ണുപൂരിലെ ചിത്‌ബാഗിയിലുള്ള ഭാര്യ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വിവാഹ ശേഷം അലീം സർദാ ഗാർഡൻസിൽ കോൺട്രാക്‌ടറായും മുംതാസ് സാമലി മേഖലയിലെ ഒരു ചോക്ലേറ്റ് ഫാക്‌ടറിയിലും ജോലിയില്‍ പ്രവേശിച്ചു. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. കൊലപാതകം നടക്കുന്ന ചൊവ്വാഴ്‌ച ദിവസം ഇരുവരും ഒരുമിച്ചാണ് ജോലി സ്ഥലത്തേക്ക് തിരിച്ചത്. എന്നാല്‍ മുംതാസ് പിന്നീട് മടങ്ങിയെത്തിയില്ല.
പരാതി, ചോദ്യം ചെയ്യല്‍, അറസ്‌റ്റ് : എന്നാല്‍ അലീം ചൊവ്വാഴ്‌ച രാത്രി ജോലി കഴിഞ്ഞ് പതിവുപോലെ ഭാര്യവീട്ടിലേക്ക് മടങ്ങിയെത്തി. പിറ്റേന്ന് നേരം പുലര്‍ന്നതിന് ശേഷവും മുംതാസിനെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് അലീം കുറ്റസമ്മതം നടത്തുന്നത്. പിന്നീട് ഇയാളുമായി സംഭവസ്ഥലത്ത് ചെന്ന് പൊലീസ് കുഴിച്ചിട്ട മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
അതേസമയം സംഭവത്തെതുടര്‍ന്ന് പ്രദേശത്താകെ ഇയാള്‍ക്കെതിരെ ജനരോഷം ശക്തമായിരിക്കുകയാണ്. ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുംതാസിന്‍റെ ബന്ധുക്കളും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.
സംശയം എടുക്കുന്ന ജീവനുകള്‍ : ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് യുവതിയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ ആന്ധ്രാപ്രദേശിലെ ചിന്തലമുനിനഗര്‍ നിവാസികളായ നരപുരം ശ്രാവണ്‍കുമാര്‍, പിതാവ് നരപുരം വരപ്രസാദ്, മാതാവ് കൃഷ്‌ണവേണി എന്നീ മൂന്ന് പ്രതികളെയും കര്‍ണൂല്‍ ഫോര്‍ത്ത് ടൗണ്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് രുഗ്‌മിണിയും പ്രതി ശ്രാവണ്‍ കുമാറും തമ്മിലുള്ള വിവാഹം നടക്കുന്നത്. ബി.ടെക് പഠനം കഴിഞ്ഞ് ഐസിഐസിഐ ബാങ്കിന് കീഴിലുള്ള കോള്‍ സെന്‍ററില്‍ ജോലി ചെയ്‌ത് വരികയായിരുന്ന ശ്രാവണ്‍ കുമാര്‍ വിവാഹ നിശ്ചയം കഴിഞ്ഞയുടനെ രുഗ്‌മിണിക്ക് ഒരു മൊബൈല്‍ഫോണ്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ഫോണ്‍ മറ്റ് നിരീക്ഷണ ആപ്പുകളുമായും അത് തന്‍റെ ഇ മെയിലുമായും ശ്രാവണ്‍ ബന്ധിപ്പിച്ചിരുന്നു.
ഫോണില്‍ ബന്ധപ്പെട്ട രാഘവേന്ദ്ര ഗൗഡ് എന്നയാളുമായി രുഗ്‌മിണിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം ജനിച്ചതോടെയാണ് കൊലപാതകത്തിലേക്കെത്തുന്നത്. ശ്രാവണ്‍ ഈ വിവരം തന്‍റെ മാതാപിതാക്കളുമായി പങ്കുവച്ചതോടെ ഇവരും കൊലപാതകത്തില്‍ പങ്കാളികളാവുകയായിരുന്നു.