ഭദ്രാദ്രി (തെലങ്കാന): ഒന്നിലധികം സ്‌ത്രീകളെ ഒരേസമയം ഇഷ്‌ടപ്പെടുന്നവരുണ്ടാകാം. എന്നാല്‍ ഇവരില്‍ ഏറ്റവും ഇഷ്‌ടമുള്ളയാളെ പരിഗണിച്ച് മറ്റൊരാളെ അവഗണിച്ച് മുന്നോട്ടുപോകുന്നവരാകും ഏറെയും. അതേസമയം ഈ ഇഷ്‌ടം സ്‌ത്രീകള്‍ തമ്മിലറിയാതെ ഒളിച്ചും പാത്തും കൊണ്ടുനടന്ന് വലിയ അപകടങ്ങളില്‍ ചെന്നെത്തുന്നവരും ഏറെയുണ്ട്. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ നിവാസിയായ ചെറുപ്പകാരന്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്‌തനാവുകയാണ്.
രണ്ടുപേര്‍ക്കും 'ഹൃദയത്തില്‍' ഇടമുണ്ട്: യുവാവിന് ഒരേ സമയം രണ്ടു പെണ്‍കുട്ടികളോട് പ്രണയം തോന്നി. എന്നാല്‍ ഇത് അവര്‍ പരസ്‌പരം അറിയാതെ മറച്ചുവയ്‌ക്കാന്‍ അയാള്‍ ഇഷ്‌ടപ്പെട്ടില്ല. തുറന്നുപറഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ആശങ്കപ്പെട്ട് മുന്നോട്ടുപോകാന്നതിലും തൃപ്‌തി ലഭിക്കാതായതോടെ ഇയാള്‍ വിഷയം സ്‌മാര്‍ടായി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചു. ഇരുവരേയും നേരില്‍ക്കണ്ട് വിഷയം അവതരിപ്പിച്ചു. പ്രതീക്ഷിച്ചിരുന്ന പൊട്ടിത്തെറികളും പിണക്കങ്ങളൊന്നും തന്നെയുണ്ടായില്ല. യുവാവിനെ ജീവനെക്കാളേറെ ഇഷ്‌ടപ്പെട്ടിരുന്ന ഇരു പെണ്‍കുട്ടികളും ഒന്നിച്ചുപോകാമെന്ന് വ്യക്തമാക്കി. ഇതോടെ ഒരേസമയം ഒരു കതിര്‍മണ്ഡപത്തില്‍ ഇരു യുവതികളുടെയും കഴുത്തില്‍ യുവാവ് താലിചാര്‍ത്തി.
പഠനം, പ്രണയം, വിവാഹം: ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ചാർള മണ്ഡലത്തിലുള്ള എറബോരു ഗ്രാമത്തിലെ മുത്തയ്യയുടെയും രാമലക്ഷ്‌മിയുടെയും രണ്ടാമത്തെ മകനായ സത്തിബാബുവാണ് ഇക്കഥയിലെ നായകന്‍. ആദിവാസി വിഭാഗങ്ങളിലെ യുവതി യുവാക്കള്‍ക്കിടയില്‍ പരസ്‌പരം പ്രണയത്തിലാകുന്നതോടെ ബന്ധുക്കളുടെയും മൂപ്പന്‍റെയും സമ്മതത്തോടെ വിവാഹത്തിന് വഴിയൊരുങ്ങാറുണ്ട്. ഇത്തരത്തിലൊന്നാണ് സത്തിബാബുവിന്‍റെ ജീവിതത്തിലും നടന്നത്. പഠന സമയത്താണ് സത്തിബാബു ദോസലപ്പള്ളി ഗ്രാമത്തിലെ സ്വപ്‌ന കുമാരി എന്ന യുവതിയുമായി പ്രണയത്തിലാകുന്നത്. ഇതേസമയം ഇയാള്‍ സുനിത എന്ന യുവതിയുമായും അടുപ്പത്തിലായി. അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ മുന്നോട്ടുപോകവെ സ്വപ്‌ന കുമാരിക്ക് ഇയാളില്‍ ഒരു പെണ്‍കുഞ്ഞും സുനിതയ്‌ക്ക് ഒരു ആണ്‍കുഞ്ഞും പിറന്നു. ഇതോടെ ഇരു യുവതികളുടെയും ബന്ധുക്കള്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് സത്തിബാബുവിനെ സമീപിച്ചു.
കൂട്ടയടി ഉണ്ടായില്ല, മറിച്ച് കൂട്ടച്ചിരി: ഇരുകൂട്ടരും ഒരുമിച്ച് കണ്ടതോടെ പ്രശ്‌നം ഗുരുതരമാകുമെന്ന് കരുതിയെങ്കിലും സത്തിബാബു ഇരുവരെയും വിവാഹം കഴിക്കാമെന്നറിയിച്ചതോടെ കണ്ടുനിന്നവരെല്ലാം അന്താളിച്ചുപോയി. എന്നാല്‍ ഇരു യുവതികളെയും ഇവരുടെ ബന്ധുക്കളെയും സമ്മതിപ്പിച്ച് ഇയാള്‍ ഗ്രാമമുഖ്യനെ സമീപിച്ചു. എല്ലാവരും ഒരുമിച്ച് സമ്മതിച്ച് കൈക്കൊണ്ട തീരുമാനത്തിന് ഗ്രാമസഭയിലും എതിര്‍പ്പുണ്ടായില്ല. ഇതോടെ വിവാഹത്തിന് വഴിയൊരുങ്ങുകയായിരുന്നു.
സിനിമ ബന്ധം കണ്ട് ബന്ധുക്കള്‍: ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സത്തിബാബുവും സ്വപ്‌ന കുമാരി, സുനിത എന്നിവരുമായുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ ഇവരുടെ വിവാഹ ക്ഷണക്കത്ത് ബുധനാഴ്‌ച പുറത്തുവന്നതോടെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതേസമയം അടുത്തിടെ ഇറങ്ങിയ തെലുഗു ചലച്ചിത്രം 'കാത്തു വക്കിലെ രണ്ട് കാതല്‍' യുടെ കഥയുമായി സത്തിബാബുവിന്‍റെ വിവാഹത്തെ ചേര്‍ത്തുവയ്‌ക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അണിനിരന്നു. വിജയ് സേതുപതി നായകനായി നയന്‍താര, സാമന്ത എന്നിവരുടെ ട്രയാങ്കിള്‍ ലവ് സ്‌റ്റോറിയുമായി ഇതിന് ബന്ധമുണ്ടെന്നാണ് ഇവര്‍ അറിയിക്കുന്നത്. എന്നാല്‍ കഥയുടെ അവസാനത്തില്‍ ഇരു പ്രണയങ്ങളും നഷ്‌ടപ്പെട്ട് ഹസ്‌തദാനം ചെയ്‌ത് പിരിയുന്ന ചലച്ചിത്രത്തെ അപേക്ഷിച്ച് സത്തിബാബുവിന് ഇരു പ്രണയവും സ്വന്തമായി എന്ന വ്യത്യസ്‌തതയുണ്ടെന്ന് പറയുന്നവരാണ് ഇവരില്‍ ഏറെയും.