ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പൊലീസിന് മുന്നിൽ നേരിട്ടെത്തി കീഴടങ്ങി ഭർത്താവ്. ഡൽഹിയിലെ മുകുന്ദ് പുരിലെ കപിൽ വിഹാർ സ്വദേശി വിജയ് (38) എന്നയാളാണ് കീഴടങ്ങിയത്. രണ്ടാം ഭാര്യയായ സന്തോഷി ദേവിയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്‌ചയായിരുന്നു (ജൂൺ 17) സംഭവം. തുടർന്ന് ജൂൺ 18ന് ഭൽസ്വ ഡയറി പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഇയാൾ താൻ ഭാര്യയെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.
കൊല്ലപ്പെട്ടത് രണ്ടാം ഭാര്യ: തുടർന്ന് പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് വിജയുടെ രണ്ടാം ഭാര്യയാണെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്‌തതിൽ നിന്നും കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
ആദ്യ ഭാര്യയിൽ വിജയ്‌ക്ക് നാല് മക്കളുമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കൊല്ലപ്പെട്ട സന്തോഷി ദേവിയുമായി ഇയാൾ സൗഹൃദത്തിലാകുന്നത്. സന്തോഷി ദേവി ആശുപത്രിയിൽ ജോലി ചെയ്‌തു വരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ആദ്യ ഭാര്യ വിജയ്‌യെ ഉപേക്ഷിച്ചുപോയി.
അതേസമയം സന്തോഷി ദേവിക്കും ആദ്യ ഭർത്താവിൽ നാല് മക്കളുണ്ടായിരുന്നു. ഇവർ ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇതിന് ശേഷമാണ് വിജയും സന്തോഷി ദേവിയും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. ഇരുവർക്കും രണ്ടുവയസുള്ള ഒരു കുഞ്ഞുമുണ്ട്.
അഞ്ച് മക്കളുടെയും പരിചരണവുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. അത്തരത്തിൽ ജൂൺ 17ന് സന്തോഷി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ രാത്രി 11.30ഓടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നായതോടെ ജൂൺ 18ന് വിജയ് സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായും പൊലീസ് അറിയിച്ചു.