സോനിപത് (ഹരിയാന): ഹരിയാനയിൽ നിന്ന് കാനഡയിലേക്ക് പോയ യുവതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ആൺസുഹൃത്ത് ഒൻപത് മാസത്തിന് ശേഷം പിടിയിൽ. ഹരിയാന സോനിപത് സ്വദേശിയായ മോണിക എന്ന യുവതിയേയാണ് ആൺസുഹൃത്തായ സുനിൽ കൊലപ്പെടുത്തിയത്. 2022 ജൂണിലായിരുന്നു സംഭവം.
ഹരിയാനയിലെ സോനിപതിൽ അമ്മായിയോടൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. തുടർന്ന് അതേ ഗ്രാമത്തിലെ തന്നെ താമസക്കാരനായ സുനിലുമായി യുവതി സൗഹൃദത്തിലാകുകയായിരുന്നു. പിന്നീട് യുവതി കാനഡയിലേക്ക് പോകുകയായിരുന്നു.
എന്നാൽ, വീട്ടുകാരറിയാതെ 2022 ജൂണിൽ മോണിക്കയെ സുനിൽ നാട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് നാട്ടിലെത്തിയ മോണിക്കയെ സുനിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനൊടുവിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സുനിലിന്‍റെ ഫാം ഹൗസിൽ കുഴിച്ചിട്ടു.
മോണിക്കയെ കാണാതായതിനെ തുടർന്ന് അമ്മായി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സുനിലിനെ സംശയം ഉണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. മോണിക്കയുടെ ബന്ധുക്കൾ വിഷയം ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കേസ് അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2023 ഏപ്രിൽ രണ്ടിന് ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ നിന്ന് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി സംഘം സുനിലിനെ അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊഴി പ്രകാരം നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ നടത്തിയ അന്വേഷണത്തിൽ മോണിക്കയുടെ ശരീരാവശിഷ്‌ടങ്ങൾ പൊലീസ് കണ്ടെടുത്തു.
കേരളത്തെ ഞെട്ടിച്ച കാഞ്ചിയാർ കൊലപാതകം: കട്ടപ്പന കാഞ്ചിയാർ കൊലപാതകം കേരളത്തെ നടുക്കിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ഭർത്താവായ ബിജേഷിന്‍റെ വൻ ക്രൂരതയും ഗാർഹിക പീഡനവുമാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ചു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പൊലീസിൽ പരാതി നൽകി.
പൊലീസ് പിടികൂടി വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ യാതൊരു കുറ്റബോധവും ഇല്ലാതെ പ്രതി കൃത്യം പൊലീസിന് വിവരിച്ച് നൽകി. ബിജേഷ് മദ്യപിച്ച് ഉപദ്രവിച്ചിരുന്നതിനാൽ അനുമോൾ വനിത സെല്ലിൽ പരാതി നൽകിയിരുന്നു. ഇതിൽ ബിജേഷിന് ഭാര്യയോട് തോന്നിയ വൈരാഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മാർച്ച് 17ന് രാത്രിയാണ് കൊലപാതകം നടന്നത്. കൃത്യം നടത്തുമ്പോൾ മകൾ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. സ്‌കൂളിൽ അടയ്‌ക്കാനുള്ള പണം ചോദിച്ച് ബിജേഷും അനുമോളും തമ്മിൽ തർക്കം ആരംഭിച്ചു.
തർക്കത്തിനൊടുവിൽ ഹാളിൽ കസേരയിൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ കുരുക്കി ബിജേഷ് കൊലപ്പെടുത്തി. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ അനുമോളുടെ കൈ ഞരമ്പ് മുറിച്ചു. തുടർന്ന്, മൃതദേഹം ഷാളിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു.
തൊട്ടടുത്ത ദിവസം ബന്ധുക്കളോട് അനുമോൾ ഒളിച്ചോടിപ്പോയെന്ന് ധരിപ്പിച്ചു. ദുർഗന്ധം പുറത്തേക്ക് വരാതിരിക്കാൻ സാമ്പ്രാണിതിരി കത്തിച്ചുവച്ചു. മാർച്ച് 21നാണ് വീട്ടിലെ കട്ടിലിനടിയിൽ നിന്ന് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.