ലക്‌നൗ : ഉത്തർ പ്രദേശിൽ യുവാവ് ഭാര്യയേയും എട്ട് മാസം പ്രായമുള്ള മകളേയും വെട്ടിക്കൊലപ്പെടുത്തി. ബദൗൺ ജില്ലയിലെ കൊട്‌വാലി പ്രദേശത്താണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ അജയ് എന്ന അഖിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്ന് രാവിലെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളുടെ കുഞ്ഞിനേയും ഭാര്യ ഖുശ്‌ബുവിനേയും അഖിലേഷ് കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീട്ടിലേയ്‌ക്ക് പോകണമെന്ന് ഖുശ്‌ബു നിർബന്ധം പിടിച്ചതായും വിഷയത്തിൽ കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായും ചോദ്യം ചെയ്യലിൽ അഖിലേഷ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് മുൻപാണ് അഖിലേഷും ഖുശ്‌ബുവും വിവാഹിതരാകുന്നത്.
ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്ന അഖിലേഷ് ബിഹാർ സ്വദേശിയായ ഖുശ്‌ബുവുമായി അവിടെ വച്ചാണ് പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയും ചെയ്‌തു. അഖിലേഷിന്‍റെ മാതാപിതാക്കൾ ബറേലിയിലാണ് താമസിക്കുന്നത്. രണ്ട് ഇളയ സഹോദരിമാർക്കൊപ്പമാണ് അഖിലേഷും കുടുംബവും താമസിച്ചിരുന്നത്.
ഇന്ന് രാവിലെ അഞ്ച് വയസും 14 വയസും പ്രായമായ സഹോദരിമാരുടെയും മുന്നിൽ വച്ചാണ് അഖിലേഷ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
മഹാരാഷ്‌ട്രയിൽ മകളെ കൊലപ്പെടുത്തി പിതാവ് : ഓഗസ്‌റ്റ് രണ്ടിന് മഹാരാഷ്‌ട്രയിൽ ബന്ധുവുമായി പ്രണയത്തിലായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ നന്ദേഡ് ജില്ലയിലെ കൃഷ്‌ണവാടി മുഖേഡ് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബന്ധുവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി അയാളെ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രകോപിതനായ പിതാവ് പെൺകുട്ടിയെ അരിവാൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടുവന്ന അമ്മയെ കൊലപാതക വിവരം പുറത്തുപറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി പെൺകുട്ടിയുടെ മൃതദേഹം വയലിൽ മറവുചെയ്‌തു. മറ്റൊരു വരനെ കണ്ടെത്തി നൽകാമെന്ന് പിതാവ് പറഞ്ഞതിനെ തുടർന്ന് പെൺകുട്ടിയും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. എന്നാൽ പ്രണയിച്ച യുവാവിനെ തന്നെ വിവാഹം ചെയ്യണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Read More : ബന്ധുവുമായി പ്രണയം : മഹാരാഷ്‌ട്രയിൽ 16കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു
ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത് സഹോദരന്മാർ : ഓഗസ്‌റ്റ് 10 ന് മഹാരാഷ്‌ട്രയിൽ സഹോദരന്മാർ കൂട്ടബലാത്സംഗം നടത്തിയ ഗർഭിണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗഡ്‌ചിരോളിയിലെ കുർഖേദയിലുണ്ടായ സംഭവത്തില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ അതിജീവിതയുടെ രണ്ട് സഹോദരന്മാരെ പൊലീസ് പിടികൂടി. ദിവസങ്ങൾക്ക് മുന്‍പാണ് യുവതി സ്വന്തം വീട്ടില്‍ പ്രസവത്തിനായി എത്തിയത്. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ കൃഷി ആവശ്യങ്ങള്‍ക്കായി പാടത്തുപോയ സമയത്ത് പ്രതികള്‍ സഹോദരിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
Read More : മഹാരാഷ്‌ട്രയിൽ 7 മാസം ഗർഭിണിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്‌തു; സഹോദരന്മാര്‍ പിടിയില്‍