മംഗളൂരു: രേഖകളില്ലാതെ ഒന്നേമുക്കാൽ കോടിയിലധികം രൂപയും സ്വർണാഭരണങ്ങളുമായി മുംബൈ എൽ.ടി.ടി - എറണാകുളം തുരന്തോ എക്‌സ്പ്രസിൽ യാത്ര ചെയ്ത ഒരാളെ മംഗളൂരു ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (RPF) ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ മഹേന്ദ്ര സിങ് റാവു (33) എന്നയാളാണ് പിടിയിലായത്. 1.48 കോടി രൂപയും 800 ഗ്രാം സ്വർണാഭരണങ്ങളുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
ആർപിഎഫ് പിന്നീട് ഇയാളെ മംഗളൂരു സെൻട്രലിലെ റെയിൽവേ പൊലീസിന് കൈമാറിയതായി അറിയിച്ചു. ക്രിമിനൽ നടപടി ക്രമങ്ങൾ പ്രകാരവും കർണാടക പൊലീസ് ആക്ട് പ്രകാരവും കേസെടുത്ത് റെയിൽവേ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ALSO READ: മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഗവർണർ അയഞ്ഞു; സർവകലാശാല ഫയലുകൾ വീണ്ടും നോക്കി തുടങ്ങി
തുരന്തോ എക്‌സ്പ്രസിൽ ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. S4 കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോൾ പഴയ പത്രങ്ങളിൽ പൊതിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് പ്രവീൺ സിങ്ങ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ശുഭ് ഗോൾഡ് എന്ന സ്ഥാപനത്തിലാണ് താൻ ജോലി ചെയ്യുന്നതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉടമയുടെ പരിചയത്തിലുള്ള ഒരാൾ ഉടമയ്ക്ക് നൽകാനായി മുംബൈയിൽ വെച്ച് ആറ് പൊതികളിലായി നോട്ടുകെട്ടുകളും മൂന്ന് പൊതികളിലായി ആഭരണങ്ങളും തന്നെ ഏൽപിച്ചുവെന്നും മഹേന്ദ്ര സിങ് പറയുന്നു.
2,000ന്‍റെയും 500ന്‍റെയും നോട്ടുകളുൾപ്പെടെ ആകെ 1,48,58,000 രൂപയും 40 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വർണാഭരണങ്ങളുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.