ബെംഗ്ളൂരു: വീട്ടിൽ ഒരുക്കിയ കൃത്രിമ സംവിധാനത്തിലൂടെ 11 ചേരക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് യുവാവ്. ബാംഗ്ലൂർ ഉത്തർ താലൂക്കിലെ കുദുരെഗിരി ഗ്രാമത്തിലെ പാമ്പ് പിടുത്തക്കാരനായ നാഗേന്ദ്രയാണ് 75 ദിവസത്തോളമെടുത്ത് ചേരയുടെ 11 മുട്ടകളെ തന്റെ വീട്ടിൽ വിരിയിച്ചെടുത്തത്.
ഏകദേശം രണ്ട് മാസം മുൻപാണ് നാഗേന്ദ്ര തന്റെ തോട്ടത്തിൽ നിന്ന് ഒരു ചേരയെ പിടികൂടുന്നത്. പിടികൂടി പിറ്റേ ദിവസം തന്നെ ചേര 11 മുട്ടകളിട്ടു. പിന്നാലെ അമ്മ പാമ്പിനെ നാഗേന്ദ്ര സുരക്ഷിതമായി വനത്തിലേക്ക് വിട്ടു. തുടർന്ന് 11 മുട്ടകളെയും കൃത്രിമമായി താപനില ക്രമീകരിച്ച് വിരിയിച്ചെടുക്കുകയായിരുന്നു.
വിരിയിച്ചെടുത്ത കുഞ്ഞുങ്ങളെയും ഉടൻ കാട്ടിലേക്ക് വിടുമെന്ന് നാഗേന്ദ്ര വ്യക്തമാക്കി. അതേസമയം യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ധാരാളം പേർ രംഗത്തെത്തി.