പാല്‍ഘര്‍: മരിച്ചവര്‍ തിരിച്ചു വരുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മരണ ശേഷം പെട്ടെന്നൊരു ദിവസം അവര്‍ നമുക്ക് മുന്നില്‍ വന്ന് നിന്നാല്‍ എന്താകും അവസ്ഥ? ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
ട്രെയിന്‍ തട്ടി മരിച്ച 60 കാരന്‍ റഫീഖ് ഷെയ്‌ഖിന്‍റെ സംസ്‌കാരം ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയതാണ്. കഴിഞ്ഞ ദിവസം ഷെയ്‌ഖിന്‍റെ സുഹൃത്തിന് ഒരു വീഡിയോ കോള്‍ വന്നു. കോള്‍ അറ്റന്‍ഡ് ചെയ്‌ത സുഹൃത്ത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. കാരണം ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ തന്‍റെ സുഹൃത്ത് ഷെയ്‌ഖായിരുന്നു വീഡിയോ കോളില്‍.
താന്‍ സുഖമായി ഇരിക്കുന്നു എന്ന് ഷെയ്‌ഖ് സുഹൃത്തിനെ അറിയിച്ചു. മരിച്ചു പോയ ഷെയ്‌ഖും സുഹൃത്തും നടത്തിയ വീഡിയോ കോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജനുവരി 29നാണ് റെയില്‍വേ ട്രാക് മുറിച്ചു കടക്കുന്നതിനിടെ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചത്.
പാല്‍ഘറിലെ റെയില്‍വേ പൊലീസ് മരിച്ചയാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇത് കണ്ടാണ് റഫീഖ് ഷെയ്‌ഖിന്‍റെ സഹോദരനും ഭാര്യയുമെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ഏറ്റുവാങ്ങി കുടുംബം സംസ്‌കാരം നടത്തുകയും ചെയ്‌തു. എന്നാല്‍ അന്ന് സംസ്‌കരിച്ചെന്ന് പറയപ്പെടുന്ന റഫീഖ് ഷെയ്‌ഖാണ് ഇപ്പോള്‍ ജീവനോടെ തിരിച്ചെത്തിയത്.
ഇയാളെ കുടുംബം ബന്ധപ്പെടുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്‌തു. മരിച്ച ഷെയ്‌ഖ് തിരിച്ചെത്തിയതോടെ കുടുംബം ഹാപ്പിയാണെങ്കിലും പുലിവാല് പിടിച്ചിരിക്കുകയാണ് പൊലീസ്. സംസ്‌കരിച്ച ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.