പാനിപത്ത്: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ട്രാന്‍സ്‌ജെന്‍ഡറെ ലിംഗമാറ്റത്തിന് വിധേയമാക്കിയ ശേഷം യുവാവ് പണവും സ്വര്‍ണവുമായി കടന്നുകളഞ്ഞു. ഹരിയാനയിലെ പാനിപ്പത്തിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ അഖിലേഷ് എന്നയാളാണ് ട്രാന്‍സ്‌ജെന്‍ഡറുമായി പ്രണയം നടിച്ച് വിവാഹ വാഗ്‌ദാനം നല്‍കി കബളിപ്പിച്ചത്.
സംഭവം ഇങ്ങനെ: പാനിപത്ത് നിവാസിയായ ട്രാന്‍സ്‌ജെന്‍ഡറുമായി അഖിലേഷ് പ്രണയത്തിലാവുന്നത് ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്നറിയിച്ചതോടെ ഇവര്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്കും വിധേയയായി. ഇരുവരും തമ്മിലുള്ള ബന്ധം ഇഷ്‌ടപ്പെട്ട ട്രാന്‍സ്‌ജെന്‍ഡറുടെ ബന്ധുക്കള്‍ വിവാഹസമ്മാനമായി പണവും ആഭരണങ്ങളും സമ്മാനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കിപ്പുറം പണവും സ്വര്‍ണവുമായി അഖിലേഷ് കടന്നുകളയുകയായിരുന്നു.
പരാതിയുമായി ബന്ധുക്കള്‍: സംഭവത്തെ തുടര്‍ന്ന് വധുവിന്‍റെ ബന്ധുക്കള്‍ പൊലീസിലെത്തി അഖിലേഷിനെതിരെ പരാതി നല്‍കി. തങ്ങളും തങ്ങളുടെ സമൂഹത്തിലുള്ളവരും സമ്മാനിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്‌തുവകകളും ഇയാള്‍ മോഷ്‌ടിച്ചു കടന്നുകളഞ്ഞുവെന്നും ഇവര്‍ പരാതിയില്‍ അറിയിച്ചു. വിവാഹശേഷം അഖിലേഷ് യുവതിയുമായി വഴക്കിട്ടിരുന്നുവെന്നും അയാള്‍ക്ക് സ്വത്തും പണവും മാത്രമായിരുന്നു ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു.
വിവാഹസമ്മാനങ്ങള്‍ എന്തെല്ലാം: വിവാഹസമ്മാനമായി രണ്ട് ഗ്രാം സ്വർണവും, 50 ഗ്രാം വെള്ളിയും, അഞ്ച് മൊബൈല്‍ഫോണുകളുമാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ ട്രാന്‍സ്‌ജെന്‍ഡറുമാര്‍ നല്‍കിയിരുന്നത്. എന്നാല്‍ വിവാഹശേഷം യുവതിയില്‍ നിന്നും 17 ലക്ഷം രൂപയോളം വിലയുള്ള സ്വത്തുവകകളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു. ഇന്നുവരെ അതില്‍നിന്നും ഒരു രൂപ പോലും ഇയാള്‍ ചെലവഴിച്ചിട്ടില്ലെന്നും ആഡംബര കാര്‍ വാങ്ങലും ആഡംബര ജീവിതവുമാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നും യുവതിയും പരാതിപ്പെട്ടു. മാത്രമല്ല തന്‍റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമാണ് ഞാന്‍ നിന്നെ വിവാഹം കഴിച്ചതെന്ന് ഇയാള്‍ പലപ്പോഴും പറഞ്ഞിരുന്നതായും യുവതി കൂട്ടിച്ചേര്‍ത്തു.
പ്രണയവും വിവാഹവും: ഉത്തർ പ്രദേശ് സ്വദേശിയായ അഖിലേഷ് പാനിപ്പത്തിൽ കാബ് ഡ്രൈവറായിരുന്നു. കാബ് ഡ്രൈവറും യാത്രക്കാരനായുമായി 2016ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് കൂടിക്കാഴ്‌ചകള്‍ വര്‍ധിച്ചു. താമസിയാതെ അത് പ്രണയമായി മാറി. ഏഴ് വര്‍ഷത്തോളം ഇരുവരും തമ്മിലുള്ള പ്രണയബന്ധം തുടര്‍ന്നു. ഇതിന് ശേഷമാണ് ഇരുവരും ഒരുമിക്കാന്‍ തീരുമാനിക്കുന്നത്.
സമൂഹം അംഗീകരിക്കില്ല എന്ന വസ്‌തുത കണക്കിലെടുത്ത് ആദ്യമൊന്നും ഇവര്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ അഖിലേഷിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇവര്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാവുകയായിരുന്നു. 2020 ലെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം 2023 ഫെബ്രുവരി 24 നാണ് ഡൽഹിയിലെ തീസ് ഹസാരി കോടതിയിൽ വച്ച് രജിസ്റ്റർ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് അന്നുതന്നെ ആര്യസമാജ ക്ഷേത്രത്തിൽ വച്ച് ചടങ്ങുകള്‍ പ്രകാരം വിവാഹിതരാവുകയും ചെയ്‌തു.
യുവതി പറയുന്നത് ഇങ്ങനെ: തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആദ്യ ദിവസങ്ങളിൽ തന്നെ അഖിലേഷിനോട് പറഞ്ഞിരുന്നതായി യുവതി പ്രതികരിച്ചു. എന്നാല്‍ താന്‍ മറ്റാരെയും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 2017 ലാണ് തന്നെ വിവാഹം കഴിക്കാമെന്ന് അഖിലേഷ് ഉറപ്പ് നൽകുന്നത്. ഇതിനിടെ തന്‍റെ കയ്യിൽ നിന്ന് ഏഴു ലക്ഷം രൂപ വാങ്ങി സ്വന്തമായൊരു കാർ വാങ്ങി. ഇതിനുശേഷം ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് പണം വാങ്ങുന്നത് തുടർന്നു. ഇത്തരത്തില്‍ ഉദ്യേശം അഞ്ച് ലക്ഷത്തോളം രൂപയും ഇയാൾ കൈപ്പറ്റിയതായും യുവതി അറിയിച്ചു. 2023 ല്‍ വിവാഹസമയത്ത് 70,000 രൂപ കൈക്കലാക്കിയെന്നും തുടര്‍ന്ന് തക്കം നോക്കിയാണ് പണവും കാറും സ്വര്‍ണവുമായി ഇയാള്‍ കടന്നുകളയുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
Also Read: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യൂട്യൂബര്‍മാരായ 3 യുവാക്കള്‍ അറസ്റ്റില്‍