മഹോബ (ഉത്തര്‍ പ്രദേശ്): മകളെ ശല്യം ചെയ്‌തത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്‌പ്പില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് പരിക്ക്. പെണ്‍കുട്ടിയുടെ പിതാവ്, മുത്തശ്ശി, അമ്മാവന്‍, അമ്മായി, കുടുംബാംഗങ്ങളായ മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. പെണ്‍കുട്ടിയെ ശല്യം ചെയ്‌ത് വന്നിരുന്ന യുവാവിന്‍റെ പിതാവാണ് ഇവര്‍ക്കുനേരെ വെടുയുതിര്‍ത്തത്.
സംഭവം ഇങ്ങനെ: മഹോബയിലെ പന്‍വാഡി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഈ ഗ്രാമത്തിലുള്ള ജിതേന്ദ തിവാരി എന്ന യുവാവ് കോളജിലേക്കുള്ള വഴിമധ്യേ പെണ്‍കുട്ടിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി പിതാവിനെ കാര്യം ധരിപ്പിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ കുറിച്ച് പരാതിപ്പെടുന്നതിനായി ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞ് പ്രകോപിതനായ ജിതേന്ദ തിവാരി വൈകുന്നേരത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലുമെത്തി.
Also Read: Woman Paraded With Garland Of Chappals: യുവതിയെ ചെരുപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ചു; അക്രമം പണം ആവശ്യപ്പെട്ടെന്ന് ആരോപണം
വീട്ടിന് പുറത്ത് നിന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും കുറിച്ച് അനാവശ്യവാക്കുകളും അസഭ്യവും തുടര്‍ന്ന ഇയാള്‍, ബൈക്കില്‍ വീട് റോന്തുചുറ്റി മടങ്ങി. അല്‍പസമയത്തിന് ശേഷം കയ്യില്‍ പിസ്‌റ്റളുമായി മടങ്ങിയെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ വെടിയുതിര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു. എന്നാല്‍ ഈ സമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇടപെട്ട് ഇയാളില്‍ നിന്നും പിസ്‌റ്റള്‍ പിടിച്ചുവാങ്ങി മടക്കി അയക്കുകയായിരുന്നു.
എന്നാല്‍ ഈ സംഭവമറിഞ്ഞ് ജിതേന്ദ്ര തിവാരിയുടെ പിതാവ് നരേന്ദ്ര തിവാരി തന്‍റെ ലൈസൻസുള്ള തോക്കുമായി സ്ഥലത്തെത്തി കാര്യം മനസിലാക്കും മുമ്പ് തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലംവിട്ടു.
അന്വേഷണം ആരംഭിച്ച് പൊലീസ്: ആക്രമണത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ പിതാവ്, മുത്തശ്ശി, അമ്മാവൻ, അമ്മായി ഉള്‍പ്പടെ ഏഴുപേരെയും ഉടന്‍ തന്നെ ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് മഹോബ പൊലീസ് സൂപ്രണ്ടും ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള ഒരു സംഘവും സംഭവസ്ഥലത്തെത്തി അന്വേഷണവും ആരംഭിച്ചു.
പരിക്കേറ്റ ഏഴുപേർ മഹോബ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാൻ നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരുടെ കുടുംബത്തിൽ നിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മഹോബ പൊലീസ് സൂപ്രണ്ട് അപർണ ഗുപ്‌ത അറിയിച്ചു.