ഇറോഡ്: മൂന്ന് മിനിട്ടില്‍ നിങ്ങള്‍ക്ക് എത്ര ഇഡ്ഡലി തിന്നാനാകും....? ഈ ചോദ്യം തമിഴ്‌നാട്ടിലെ കുമാര പാളയത്തെ രവിയോടും ഭവാനി സ്വദേശിയായ രാമലിംഗത്തോടും ചോദിച്ചാല്‍ ഉത്തരം ''19'' ഇഡ്ഡലി എന്നാകും. കാഴ്ച്ചക്കാരെയും സംഘാടകരേയും ആശ്ചര്യപ്പെടുത്തി ഇഡ്ഡലി തീറ്റ മത്സരത്തിലെ ഒന്നാം സമ്മാനം നേടിയിരിക്കുകയാണ് തമിഴ്‌നാടിന്‍റെ ഇഡ്ഡലി റപ്പായിമാര്‍.
സേലം ജില്ലയിലെ കടയംപെട്ടിയില്‍ പട്ടായ കാറ്ററിങ് സര്‍വീസ് അടുത്തിടെയാണ് ഇഡ്ഡലി മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സ്ഥാനക്കാരന് 3000, മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യാഥാക്രമം 2000, 1000 രൂപ. മത്സരവിവരം അറിഞ്ഞ രവിയും രാമലിംഗവും നേരെ കടയംപട്ടിയിലെ മത്സര പന്തിയിലേക്ക് വെച്ച് പിടിച്ചു.
പ്രായ അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നത്. 19-30, 31-40, 41-50 എന്നിങ്ങനെയാണ് ഗ്രൂപ്പ്. പ്രായം നോക്കി രവി 31-40 വിഭാഗത്തിലും രാമലിംഗം 41-50 വിഭാഗത്തിലും മത്സരത്തിനിറങ്ങി. മത്സരത്തിന്‍റെ നിബന്ധനകള്‍ ഇങ്ങനെയാണ്. 10 മിനിട്ടാണ് ഇഡ്ഡലി കഴിക്കാനുള്ള സമയം. കഴിച്ച ശേഷം അടുത്ത അഞ്ച് മിനിട്ട് ഛർദ്ദിക്കരുത്.
Also Read: പാതയോരങ്ങളിലെ കൊടിമരങ്ങൾ 10 ദിവസത്തിനകം നീക്കം ചെയ്യണം: ഹൈക്കോടതി
അങ്ങനെ മത്സരം തുടങ്ങി. മൂന്നാം മിനിട്ടില്‍ പ്ലേറ്റിലെ 19 ഇഡ്ഡലികളും ഇരുവരും കാലിയാക്കി, മത്സരം അവസാനിപ്പിച്ചു. ഇതിനിടെ മത്സരത്തില്‍ പങ്കെടുത്തവരെല്ലാം പിന്മാറിയിരുന്നു. ചിലര്‍ 10 മിനിട്ട് ഇരുന്ന് തിന്നിട്ടും ഇഡ്ഡലി തീറ്റ ഭീമന്മാര്‍ക്കൊപ്പമെത്തിയില്ല.
ഫാസ്റ്റ് ഫുഡ് സംസ്കാരം ജീവിത ശൈലി രോഗങ്ങളും വര്‍ദ്ധിക്കാന്‍ കാരണമാകുന്നു എന്ന് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള ക്യാമ്പയിനിന്‍റെ ഭാഗമായാണ് മത്സരം നടത്തിയത്. ഇതോടൊപ്പം ഇഡ്ഡലി പോലുള്ള ആരോഗ്യ പ്രദവും പാരമ്പരാഗതവുമായ ഭക്ഷണങ്ങള്‍ പ്രേത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. തമിഴ് ഹാസ്യനടൻ വൈയാപുരി ഉദ്ഘാടനം ചെയ്ത മത്സരത്തില്‍ ജില്ലാ പൊലീസ് മേധാവി ഷണ്‍മുഖന്‍ സമ്മാനം വിതരണം ചെയ്തു.