വെസ്റ്റ് ചമ്പാരൻ (ബിഹാർ): വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ രണ്ട് ദിവസത്തിനിടെ കവർന്നത് രണ്ട് പേരുടെ ജീവൻ. ബഗഹ ടൗണിലെ ഹർഹിയ സാരേഹ് സ്വദേശിയായ 35കാരനായ സഞ്ജയ് മഹതോയെ ആണ് അവസാനമായി കടുവ കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച രാത്രി വയലിലേക്ക് പോയപ്പോഴാണ് സഞ്ജയ്‌യുടെ നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ കടുവ കൊലപ്പെടുത്തുന്ന അഞ്ചാമത്തെ ആളാണ് സഞ്ജയ് മഹതോ. ബുധനാഴ്‌ച രാത്രി സിങ്കി ഗ്രാമത്തിലെ 12കാരിയായ ബാഗ്‌ദിയെ കടുവ കൊലപ്പെടുത്തിയിരുന്നു. വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കടുവ പിടിച്ചുകൊണ്ട് പോകുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചപ്പോൾ കടുവ പെൺകുട്ടിയെ ഉപേക്ഷിച്ച് ഓടിപ്പോയി. എന്നാൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിന്നീട് മരിച്ചു.
ജില്ലയിലെ വാൽമീകി കടുവ സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയിലിറങ്ങി ആക്രമണം അഴിച്ചുവിടുന്ന കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധികൃതർ. ആടുകളെയും മറ്റും ഉപയോഗിച്ച് കടുവയെ കെണിയിലാക്കാനുള്ള ഫോറസ്റ്റ് ഗാർഡുമാരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തിയിരുന്നു.
അടുത്തിടെ ഫോറസ്റ്റ് അധികൃതർ ആടിനെ വച്ച് കെണിയൊരുക്കിയെങ്കിലും കടുവ കൂട്ടിലകപ്പെടാതെ ആടുമായി രക്ഷപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം പോത്തിനെ വച്ച് കെണിയൊരുക്കിയെങ്കിലും കടുവ വന്നില്ല. രണ്ടോ മൂന്നോ മണിക്കൂറുകൾ കൂടുമ്പോൾ കടുവ മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നതിനാൽ കടുവയെ ട്രാക്ക് ചെയ്യുന്നതിന് പ്രയാസം നേരിടുന്നുവെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു. കടുവ നിരന്തരം നിരീക്ഷണത്തിലാണെന്നും കാൽപ്പാടുകളും സിസിടിവി ദൃശ്യങ്ങളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വാൽമീകി കടുവ സങ്കേതം ഡയറക്‌ടർ നേശാമണി പറഞ്ഞു.
ഹൈടെക് നിരീക്ഷണ സംവിധാനങ്ങൾ, ഷൂട്ടർമാർ, 150 ഫോറസ്റ്റ് ഗാർഡുകൾ എന്നിവ കടുവയെ പിടികൂടാൻ ഇതിനകം വിന്യസിച്ചിട്ടുണ്ട്. മാസങ്ങളായിട്ടും കടുവയെ പിടികൂടാൻ കഴിയാത്തതിൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.