ന്യൂഡല്‍ഹി: വാഹനം കാത്തുനിന്ന പെണ്‍കുട്ടിയെ ധരിച്ച വസ്‌ത്രത്തിന്‍റെ കോളറില്‍ പിടിച്ച് ബലമായി കാറില്‍ കയറ്റികൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ഡല്‍ഹിയിലെ തിരക്കുള്ള റോഡില്‍ ഊബര്‍ ടാക്‌സിക്കായി കാത്തുനില്‍ക്കുന്ന പെണ്‍കുട്ടിയേയാണ് ഒരാല്‍ ബലമായി വാഗണ്‍ ആര്‍ കാറില്‍ കയറ്റി കൊണ്ടുപോയത്. കാറിന്‍റെ മറ്റൊരു വശത്തുനിന്നായി വേറെ ഒരാളെയും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
സംഭവം ഇങ്ങനെ: ഡല്‍ഹിയിലെ മംഗോള്‍പുരി ഫ്ലൈ ഓവറില്‍ വച്ച് ശനിയാഴ്‌ച രാത്രിയില്‍ തിരക്കിനിടയിലാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടി വാഹനത്തിനായി കാത്തുനില്‍ക്കവെ കാറിന്‍റെ ഡ്രൈവര്‍ സീറ്റിന് തൊട്ടരികെ നിന്ന് ഒരാള്‍ ഇറങ്ങിവന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാറിന് പിന്‍വശത്തെ സീറ്റിലേക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാളും ഇവര്‍ക്ക് സമീപത്ത് തന്നെ കയറി. പിന്നീട് കാര്‍ സ്ഥലംവിട്ട് പോകുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഇത്ര വലിയ അക്രമം അരങ്ങേറുമ്പോഴും ഈ രംഗത്തിന് സാക്ഷിയായിരുന്നവര്‍ ആരും തന്നെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പൊലീസ് ഭാഷ്യം: കാറിന് ഹരിയാന നമ്പര്‍ പ്ലേറ്റായിരുന്നുവെന്നും ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വാഹനവും ഡ്രൈവറെയും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. അതൊരു ടാക്‌സി കാര്‍ ആയിരുന്നു. രോഹിണി മുതല്‍ വികാസ്‌പുര്‍ വരെയാണ് യുവതി യാത്രക്കായി ഊബര്‍ വിളിക്കുന്നത്. എന്നാല്‍ യാത്രയേയും യാത്രാനിരക്കിനെയും ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതി ബുക്കിങ് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ ദേഷ്യം തോന്നി കാര്‍ സ്ഥലത്തെത്തുകയും അതില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിക്ക് നേരെ ശാരീരിക പീഡനം നടന്നതായും ഡ്രൈവര്‍ ഉള്‍പ്പടെ സംഭവവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും പൊലീസിനെ ഉദ്ദരിച്ച് എഎന്‍ഐ വ്യക്തമാക്കി.
തര്‍ക്കത്തെ തുടര്‍ന്ന് മുമ്പ് സംഭവിച്ചത് ഇങ്ങനെ: ഇക്കഴിഞ്ഞ ജനുവരിയില്‍ ബെംഗളൂരുവില്‍ അപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം മൂലം യുവാവിനെ കാറിന്‍റെ ബോണറ്റില്‍ വലിച്ചിഴച്ച സംഭവം നടന്നിരുന്നു. ബെംഗളൂരു നഗരത്തില്‍ ജ്ഞാന ഭാതി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉള്ളാലയിലായിരുന്നു സംഭവം. ഉള്ളാലയിലെ മംഗളൂരു കോളജിന് സമീപം മാരുതി സുസുക്കി സ്വിഫ്‌റ്റ് കാറും ടാറ്റ നെക്‌സോണും കൂട്ടിയിടിച്ച അപകടത്തില്‍ സ്വിഫ്‌റ്റ് കാര്‍ ഓടിച്ചിരുന്ന ദര്‍ശന്‍ എന്ന യുവാവും നെക്‌സോണ്‍ ഓടിച്ചിരുന്ന സ്‌ത്രീയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി ദര്‍ശന്‍ കാറിന്‍റെ പുറത്തിറങ്ങി ഇവരെ ചോദ്യം ചെയ്യുകയും ചെയ്‌തു. എന്നാല്‍ രോഷം മൂലം യുവതി കാര്‍ മുന്നോട്ടെടുക്കുകയും ദര്‍ശന്‍ ബോണറ്റില്‍ തെറിച്ചുവീഴുകയുമായിരുന്നു.
തുടര്‍ന്ന് ഇവര്‍ ഇത് വകവയ്‌ക്കാതെ കാര്‍ വേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. സംഭവത്തില്‍ ദര്‍ശന്‍റെ സുഹൃത്തെത്തി കാര്‍ തടയുകയും കാറിന്‍റെ ചില്ല് തകര്‍ക്കുകയും സ്‌ത്രീയുടെ ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല ഇരു കാറുകളുടെയും ഡ്രൈവര്‍മാരുള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്‌റ്റും ചെയ്‌തിരുന്നു. സംഭവത്തെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ദര്‍ശനെ ബോണറ്റിലിട്ട് വലിച്ചിഴച്ചതിന് യുവതിയ്‌ക്കെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.