ശാന്തിപൂര്‍ (പശ്ചിമ ബംഗാള്‍): സ്വകാര്യഭാഗങ്ങളില്‍ സേഫ്‌റ്റി പിന്നുകള്‍ തറച്ചുകയറിയ നിലയില്‍ 40 കാരന്‍റെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാളിലെ നദിയയിലെ ശാന്തിപൂരിലാണ് 40 കാരനായ ആളുടെ സ്വകാര്യഭാഗങ്ങളില്‍ സേഫ്‌റ്റി പിന്നുകള്‍ തറച്ചുകയറിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇദ്ദേഹത്തെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതാവാം എന്നും ഭാര്യയാവാം കൊലപാതകത്തിന് പിന്നിലെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നദിയയിലെ ഫുലിയ മത്‌പര മേഖലയിലെ നിവാസിയായ ഇ റിക്ഷാ ഡ്രൈവറാണ് കൊല്ലപ്പെട്ടയാള്‍.
സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ ബുധനാഴ്‌ച തന്‍റെ വീട്ടിന്‍റെ അയല്‍ദേശത്തായി നടക്കുന്ന മതപരമായ ചടങ്ങുകള്‍ക്കായി പോയതായിരുന്നു താനും മകനും. എന്നാല്‍ വെള്ളിയാഴ്‌ചയായതോടെ മകന്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ ചലനമില്ലാതെ കിടക്കുന്ന പിതാവിനെയാണ് അവന്‍ കണ്ടത്. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അനുഭവപ്പെട്ടു. മാത്രമല്ല മൃതശരീരം പൂര്‍ണമായും നഗ്നമായിരുന്നുവെന്നും സ്വകാര്യഭാഗത്ത് നിരവധി സേഫ്‌റ്റി പിന്നുകള്‍ കുത്തിയിറക്കിയതായും കണ്ടെത്തി. ഇതോടെ മകന്‍ തന്നെ വിവരമറിയിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ പ്രതികരിച്ചു.
തുടര്‍ന്ന് ഇവരുടെ അലമുറയിട്ടുള്ള കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ എത്തുന്നതും വിഷയം പുറത്തറിയുന്നതും. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. തന്‍റെ ഭര്‍ത്താവിന് അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്‌ത് മൊബൈൽ ഫോണിൽ കാണുന്ന ശീലമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി തങ്ങള്‍ പലതവണ വഴക്കിട്ടിട്ടുണ്ടെന്നും ഇദ്ദേഹത്തിന്‍റെ ഭാര്യ പൊലീസിന് മൊഴി നല്‍കി. അതേസമയം സംഭവം പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് തോന്നുന്നതിനാല്‍ കേസെടുത്ത് കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടു: അതേസമയം അടുത്തിടെ കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കുഴിച്ചിട്ട സംഭവം പശ്ചിമ ബംഗാളില്‍ നടന്നിരുന്നു. ബിഷ്‌ണുപൂരിലെ സർദാ ഗാർഡൻ ഏരിയയില്‍ ഭാര്യ മുംതാസ് സേഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അലീം ഷെയ്ഖിനെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. ബിഷ്‌ണുപുരിലെ സർദ ഗാർഡൻ പ്രദേശത്തെ കുളത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ യുവതിയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തതോടെയാണ് കൊലപാതകം പുറംലോകമറിയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസിന് സംശയം തോന്നിയതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് അലീം ഷെയ്ഖ് പിടിയിലാകുന്നത്. അതേസമയം സംഭവത്തില്‍ ഇയാള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുര്‍ഷിദാബാദ് നിവാസിയും കല്‍പ്പണിക്കാരനുമായ അലീമിന്‍റെയും മുംതാസിന്‍റെയും വിവാഹം നടക്കുന്നത്. വിവാഹത്തെ തുടര്‍ന്ന് അലീം ബിഷ്‌ണുപൂരിലെ ചിത്‌ബാഗിയിലുള്ള ഭാര്യ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മാത്രമല്ല വിവാഹ ശേഷം അലീം സർദാ ഗാർഡൻസിൽ കോൺട്രാക്‌ടറായും മുംതാസ് സാമലി മേഖലയിലെ ഒരു ചോക്ലേറ്റ് ഫാക്‌ടറിയിലും ജോലിയില്‍ പ്രവേശിച്ചു. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. കൊലപാതകം നടക്കുന്ന ദിവസം ഇരുവരും ഒരുമിച്ചാണ് ജോലി സ്ഥലത്തേക്ക് തിരിച്ചുവെങ്കിലും മുംതാസ് പിന്നീട് മടങ്ങിയെത്തിയില്ല.
എന്നാല്‍ അലീം രാത്രിയോടെ ജോലി കഴിഞ്ഞ് ഭാര്യവീട്ടിലേക്ക് മടങ്ങിയെത്തി. പിറ്റേന്ന് നേരം പുലര്‍ന്നതിന് ശേഷവും മുംതാസിനെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് അലീം കുറ്റസമ്മതം നടത്തുന്നതും പിന്നീട് ഇയാള്‍ കുഴിച്ചിട്ട മൃതദേഹ ഭാഗങ്ങള്‍ പൊലീസിന് കാണിച്ചുകൊടുക്കുന്നതും.