കോലാപൂർ : മഹാരാഷ്ട്രയിലെ കോലാപൂരിൽ ഭാര്യയേയും രണ്ട് മക്കളേയും കനാലില്‍ തള്ളിയിട്ട ശേഷം കർണാടകയിലെത്തി യുവാവ് ആത്മഹത്യ ചെയ്‌തു. കോലാപൂരിലെ കാഗൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിലാണ് സംഭവം. സൗണ്ട് സിസ്റ്റം ബിസിനസുകാരനായ സന്ദീപ് അന്നസാവോ പാട്ടീൽ (36), ഭാര്യ രാജശ്രീ സന്ദീപ് പാട്ടീൽ (32), മകൻ സമിത് പാട്ടീൽ (8) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ ശ്രേയ പാട്ടീലിനെ(14) നാട്ടുകാർ രക്ഷപ്പെടുത്തി.
വെള്ളിയാഴ്‌ച ഉച്ചയോടെ സന്ദീപ് കുടുംബത്തെ കാഗൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു കനാലിനുസമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് സന്ദീപ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതിനിടെ പെണ്‍കുട്ടി വെള്ളത്തിൽ കിടന്ന് നിലവിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കുട്ടിയെ പുറത്തെടുത്ത് കസ്ബ സംഗാവോ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാതാവും സഹോദരനും കനാലിൽ വീണെന്ന കാര്യം നാട്ടുകാർ അറിയുന്നത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാജശ്രീ പാട്ടീലിന്‍റെയും സമിത് പാട്ടീലിന്‍റെയും മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. പിന്നാലെ പ്രതി സന്ദീപിനായി കോലാപൂർ പൊലീസ് തെരച്ചിൽ ആരംഭിച്ചു.
എന്നാൽ സംഭവ ദിവസം തന്നെ കർണാടകയിലെ ഭോജിൽ സന്ദീപിനെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. റോഡരികിലെ വയലിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹം പരിശോധിച്ചതിൽ പോക്കറ്റിൽ നിന്ന് രാജശ്രീയുടെയും സമിത് പാട്ടീലിന്‍റെയും ആധാർ കാർഡ് സദൽഗ പൊലീസ് കണ്ടെത്തി.
തുടർന്ന് കോലാപൂർ പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് കൊലപാതകശേഷം കർണാടകയിലെത്തി പ്രതി ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്ന വിവരം ലഭിച്ചത്. അതേസമയം സംഭവത്തിന് പിന്നാലെ കാരണം പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.