ഹോജായ്: അസമിലെ ഹോജായ് ജില്ലയിൽ കന്നുകാലി മോഷണം ആരോപിച്ച് 40കാരനെ തല്ലിക്കൊന്നു. ശനിയാഴ്‌ച അർധരാത്രി ഹോജായിലെ ലങ്ക ബമുൻഗാവ് പ്രദേശത്താണ് സംഭവമുണ്ടായത്. ഹിഫ്‌സുർ റഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറുപേര്‍ പൊലീസ് പിടികൂടി. സഞ്ജയ് ദാസ്, നിഖിൽ ദാസ്, തുളേന്ദ്ര ദാസ്, ഉത്തം ചക്രവർത്തി, ജയന്ത ചക്രവർത്തി, സന്ധു മജുംദാർ എന്നിവരാണ് പിടിയിലായത്.
ശനിയാഴ്‌ച (12 ഓഗസ്റ്റ്) രാത്രിയോടെയാണ് ഹിഫ്‌സുർ റഹ്‌മാനെ കന്നുകാലി മോഷണം ആരോപിച്ച് ഒരുകൂട്ടം നാട്ടുകാർ ചേർന്ന് ക്രൂരമായി മർദിച്ചത്. തുടർന്ന് ഞായറാഴ്‌ച പുലർച്ചെ 2.40നാണ് ലങ്ക പൊലീസിന് മർദന വിവരം ലഭിക്കുന്നത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തിപ്പോൾ ഹിഫ്‌സുർ റഹ്‌മാനെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് ഉടൻ തന്നെ ഇയാളെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ..: ബമുൻഗാവ് സ്വദേശിയായ ഹിഫ്‌സുർ റഹ്‌മാൻ പ്രദേശത്തെ ഒരു വസതിയിൽ നിന്ന് രണ്ട് എരുമകളെ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഉടൻ തന്നെ നാട്ടുകാർ കൂടുകയും ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമായിരുന്നു. പിന്നാലെ അടുത്തിടെ പ്രദേശത്ത് നടന്ന ഒന്നിലധികം കന്നുകാലി മോഷണങ്ങളിൽ റഹ്‌മാന് പങ്കുണ്ടെന്ന് ചിലർ ആരോപിച്ചു.
തുടർന്ന് നാട്ടുകാർ ചേർന്ന് റഹ്‌മാനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. അതേസമയം സംഭവത്തിൽ ഹിഫ്‌സുർ റഹ്മാന്‍റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹോജായ് ജില്ല പൊലീസ് സൂപ്രണ്ട് (എസ്‌പി) സൗരഭ് ഗുപ്‌ത സ്ഥിരീകരിച്ചു.
പിടിയിലായ പ്രതികള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 302 (കൊലപാതകം), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടുതൽ പ്രതികൾ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
മോഷണം ആരോപിച്ച് മർദനം : ഇക്കഴിഞ്ഞ ഏഴാം തിയതി ബിഹാറിലെ ഗയയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി കയ്യേറ്റം ചെയ്‌തിരുന്നു. ഗയ നഗരത്തിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മോഷണക്കുറ്റം ആരോപിച്ച് രോഷാകുലരായ ആള്‍ക്കൂട്ടം യുവാവിനെ മൃഗീയമായി ആക്രമിച്ചത്.
കൈ രണ്ടും ശരീരത്തോട് ചേര്‍ത്തുകെട്ടി ക്രൂരമായി നടത്തിയ ആക്രമണം ഇവര്‍ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. തുടന്ന് പൊലീസ് സംഭവത്തിൽ ഇടപെടുകയായിരുന്നു.
യുവാവിനെ ഒരു കൂട്ടം ജനങ്ങള്‍ ബലമായി വിവസ്‌ത്രനാക്കി കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് കയറുപയോഗിച്ച് കെട്ടിയായിരുന്നു മർദനം. തുടര്‍ന്ന് ചിലർ ചേര്‍ന്ന് ഇയാളുടെ തലമുടിയും മീശയുമെല്ലാം വടിച്ച് കളയുകയും ചെയ്‌തു. ആക്രമിക്കരുതെന്ന് യുവാവ് കരഞ്ഞ് അപേക്ഷിക്കുന്നുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാതെ മർദനം തുടരുന്നതും പ്രചരിക്കുന്ന വീഡിയോയിൽ ദൃശ്യമായിരുന്നു.
അതേസമയം യുവാവിനെതിരെ മോഷണക്കുറ്റാരോപണം പൊലീസില്‍ അറിയിക്കുന്നതിന് പകരം ചിലർ നിയമം കൈയിലെടുക്കുകയായിരുന്നെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ആശിഷ് ഭാരതി പറഞ്ഞിരുന്നു. കുറ്റവാളികള്‍ ആരും തന്നെ നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെടില്ലെന്നും സംഭത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്‌തമാക്കി.