ജയ്‌പൂര്‍ : രാജസ്ഥാനില്‍ കോഴി കൈമാറ്റവുമായി ബന്ധപ്പെട്ടുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തി. അനുപ്ഖണ്ഡ് ഗദ്‌സന സ്വദേശിയായ രാമകൃഷ്‌ണയാണ് മരിച്ചത്. സംഭവത്തില്‍ അനുപ്ഖണ്ഡ് സ്വദേശിയും കോഴി ഫാം ഉടമയുമായ ഫട്ടു റാം ഇയാളുടെ അനന്തരവന്‍, മരുമകന്‍ എന്നിവര്‍ക്കെതിരെ അന്വേഷണവുമായി പൊലീസ്. ഇന്നലെയാണ് (സെപ്‌റ്റംബര്‍ 26) കേസിനാസ്‌പദമായ സംഭവം.
ഫട്ടു റാമിന്‍റെ കോഴി ഫാമില്‍ നിന്നും രാമകൃഷ്‌ണ മൂന്ന് കോഴികളെ വാങ്ങിയിരുന്നു. അതിലൊന്നിനെ രാമകൃഷ്‌ണ അറുക്കാന്‍ തീരുമാനിച്ചിരുന്നു. ഇറിഞ്ഞ ഫട്ടു റാം രാമകൃഷ്‌ണനോട് കോഴി അറുക്കരുതെന്ന് പറഞ്ഞു. എന്നാല്‍ താന്‍ പണം കൊടുത്ത് വാങ്ങിയ കോഴിയെ അറുക്കുമെന്ന് രാമകൃഷ്‌ണ ഉറപ്പിച്ച് പറഞ്ഞു.
ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ ഫട്ടു റാമും അനന്തരവനും മരുമകനും ചേര്‍ന്ന് രാമകൃഷ്‌ണയെ മരത്തില്‍ കെട്ടിയിട്ട് വടിക്കൊണ്ട് അടിച്ച് മാരകമായി മുറിവേല്‍പ്പിച്ചു. മര്‍ദനത്തിന് പിന്നാലെ രാമകൃഷ്‌ണ ബോധരഹിതനായി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രാമകൃഷ്‌ണ മരിച്ചിരുന്നു.
മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ തുടര്‍ നടപടികളിലേക്ക് കടക്കാനാകൂവെന്ന് ഗദ്‌സന പൊലീസ് സ്റ്റേഷന്‍ എസ്‌ഐ യശ്‌പാല്‍ സിങ് പറഞ്ഞു.