അമരാവതി: ആന്ധ്രപ്രദേശിലെ ഗുഡിവാഡയില്‍ നഗ്ന വീഡിയോ കാണിച്ച് യുവതിയുടെ വിവാഹം മുടക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. കൃഷ്‌ണ ജില്ല സ്വദേശിയായ കാര ന്യൂട്ടണ്‍ ബാബുവിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് (ജൂണ്‍ 21) സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഗുഡിവാഡ ടൗണ്‍ പൊലീസ് കേസെടുത്തത്. ഗുഡിവാഡ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്.
കേസിന് ആസ്‌പദമായ സംഭവം ഇങ്ങനെ: ഗുഡിവാഡ സ്വദേശിയായ യുവതിയെ ഫേസ്‌ബുക്കിലൂടെയാണ് കാര ന്യൂട്ടന്‍ ബാബു പരിചയപ്പെടുന്നത്. ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട ഇരുവരും സൗഹാര്‍ദത്തിലായി. അടുപ്പം വര്‍ധിച്ചതോടെ ഇയാളുടെ നിര്‍ദേശ പ്രകാരം നഗ്‌നത പ്രദര്‍ശിപ്പിച്ച് യുവതി വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടു.
കോളിനിടെ വീഡിയോ ദൃശ്യങ്ങള്‍ യുവാവ് റെക്കോര്‍ഡ് ചെയ്‌തിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹം നിശ്‌ചയിച്ചത്. ഏലൂര്‍ ജില്ലയിലെ മണ്ഡവല്ലി സ്വദേശിയായ ഗുർറാം പരംജ്യോതിയുമായാണ് യുവതിയുടെ വിവാഹ നിശ്ചയം നടന്നത്.
മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചതില്‍ രോഷാകുലനായ കാര ന്യൂട്ടണ്‍ യുവതിയുടെ നഗ്‌ന വീഡിയോ ഗുര്‍റാം പരംജ്യോതിയ്‌ക്ക് അയച്ച് കൊടുത്തു. ഇതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന വിവരം ഇയാള്‍ യുവതിയുടെ വീട്ടുകാരോട് പറഞ്ഞു. ജൂണ്‍ 14നാണ് ഇരുവരുടെയും വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചത്. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സ്വന്തം കുടുംബത്തിന് യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പരംജ്യോതി കൈമാറി.
ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. നഗ്ന വീഡിയോ കാണിച്ച് വിവാഹം മുടക്കിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് കാര ന്യൂട്ടണെതിരെയും ദൃശ്യങ്ങള്‍ കുടുംബത്തിന് കൈമാറിയ പരംജ്യോതിക്കെതിരെയും യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര ന്യൂട്ടനെതിരെയും പരംജ്യോതിക്കെതിരെയും കേസെടുത്തു.
യുവതിയുടെ ദൃശ്യങ്ങള്‍ കാര ന്യൂട്ടണ്‍ മറ്റ് പലര്‍ക്കും അയച്ചതായും പൊലീസ് കണ്ടെത്തി. കാര ന്യൂട്ടണ്‍ ബാബുവിനെതിരെ മാനഭംഗ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വ്യാഴാഴ്‌ച (ജൂണ്‍ 22) കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
ഇത്തരം സംഭവങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്: ഒരാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചാല്‍ കടുത്ത ശിക്ഷ നടപടികളുണ്ടാകുമെന്ന് ഗുഡിവാഡ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിഐ തുളസീധർ പറഞ്ഞു. മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലിലും മറ്റും പകര്‍ത്തുന്നതും നിയമ നടപടികള്‍ക്ക് കാരണമാകുമെന്ന് സിഐ മുന്നറിയിപ്പ് നല്‍കി.