കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാവി പൂശാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തടഞ്ഞ് മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര ഉത്തരവ് സംസ്ഥാനം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്ത് അയച്ചു. ഇന്ന് അയച്ച കത്തിലൂടെയാണ് മമത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിനെതിരെ പ്രതിഷേധം അറിയിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാവി നിറത്തിവുള്ള പെയിന്‍റും കേന്ദ്ര ലോഗോയും ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ നിറങ്ങളും ലോഗോകളും സംബന്ധിച്ച് കേന്ദ്രസർക്കാർ മുൻപ് മാർഗനിർദേശം പുറത്തു വിട്ടിരുന്നു. എന്നാൽ ഇത് അനുസരിയ്‌ക്കാത്ത സ്ഥാപനങ്ങൾക്ക് കേന്ദ്ര വിഹിതം മരവിപ്പിയ്‌ക്കുമെന്നും അറിയിച്ചിരുന്നു.
കേന്ദ്രത്തിന്‍റെ പുതിയ തീരുമാനത്തിൽ മമത ബാനർജി രോഷാകുലയായിരുന്നു. ഇതിനിടെയിലാണ് ആശുപത്രികൾക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്ര ലോഗോ ഉപയോഗിക്കണമെന്നും കാവി ചായം പൂശണമെന്നുമുള്ള പുതിയ മാനദണ്ഡം ഇറക്കുന്നത്.
പുതിയ മാനദണ്ഡം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. എന്നാൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടേതായ ബ്രാൻഡിങ് ഉണ്ടെന്നറിയിച്ചാണ് പശ്ചിമ ബംഗാൾ എതിർപ്പറിയിച്ചത്. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണെന്നതിനാൽ കേന്ദ്ര മാർഗനിർദേശങ്ങൾ അവഗണിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്.
കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത് അനാവശ്യ ഇടപെടലാണെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച മമത ബാനർജി സർക്കാർ ഓഫിസ് കാവി പൂശുന്നതിലും മെട്രോ സ്റ്റേഷന്‍റെ നിറം മാറ്റുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയുടെ നിറം മാറ്റിയതിലും പ്രതിഷേധം അറിയിച്ചിരുന്നു.