കൊൽക്കത്ത : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം സന്ദർശിച്ചപ്പോൾ അവരെ കാണാൻ തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ സന്ദർശനം നടത്താൻ ഷെയ്ഖ് ഹസീന ആഗ്രഹിച്ചിട്ടും അവർക്ക് അതിന് സാധിക്കാതെ പോയി. ഇതാദ്യമായാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിട്ട് ബംഗാളിലെത്താതെ മടങ്ങിയതെന്നും മമത ചൂണ്ടിക്കാട്ടി.
ബിജെപിക്ക് തന്നോടുള്ള ശത്രുത കൊണ്ടാണ് ഇത്തരത്തിൽ നടന്നത്. മാത്രമല്ല ചിക്കാഗോയും ചൈനയും ഉൾപ്പടെ നിരവധി സ്ഥലങ്ങളിൽ നടക്കുന്ന പല പരിപാടികൾക്കും പങ്കെടുക്കാൻ തന്നെ കേന്ദ്രം അനുവദിക്കുന്നില്ലെന്നും തൃണമൂൽ കോൺഗ്രസിന്‍റെ പ്രത്യേക സംഘടനാ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ബിർഭും ജില്ല അധ്യക്ഷൻ അനുബ്രത മൊണ്ടലിനെ സിബിഐ അറസ്‌റ്റ് ചെയ്‌തതിലും അവര്‍ രൂക്ഷ വിമർശനങ്ങള്‍ ഉന്നയിച്ചു.
അനുബ്രതയെ അറസ്‌റ്റ് ചെയ്‌തതിലൂടെ രണ്ട് ലോക്സഭ സീറ്റുകൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്നും എന്നാൽ അത് സംഭവിക്കില്ലെന്നും മമത പറഞ്ഞു. അനുബ്രത മൊണ്ടൽ തിരിച്ചുവരവ് നടത്തുമെന്നും വീണ്ടും നായകസ്ഥാനത്തേക്കുതന്നെ എത്തുമെന്നും മമത ബാനർജി പറഞ്ഞു. സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് തൃണമൂൽ കോൺഗ്രസിലുള്ളവര്‍. ബിജെപിക്കാരാണ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്നത്. ഇവര്‍ക്കെതിരെ അന്വേഷണം ഇല്ലെന്നും മമത പറഞ്ഞു.
കഴിഞ്ഞ ദിവസം സിബിഐ റെയ്‌ഡിന് വിധേയനായ മൊളോയ് ഘട്ടക്കിന് മമത പിന്‍തുണയുമായെത്തി. വിഷയം അദ്ദേഹം തൃപ്തികരമായി വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
അതേസമയം സ്‌കൂൾ സർവീസ് കമ്മീഷൻ റിക്രൂട്ട്‌മെന്‍റ് അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത തൃണമൂൽ കോൺഗ്രസ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർഥ ചാറ്റർജിയെ പരാമർശിക്കാതെയായിരുന്നു മമതയുടെ പ്രസംഗം.