കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിമായി കുടിക്കാഴ്‌ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും. 2024ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം. ഇന്ന് ഉച്ചയോടെയാണ് ജെഡിയു നേതാവ് നിതീഷും ആര്‍ജെഡി നേതാവ് തേജസ്വിയും ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റായ 'നബന്ന'യിലെത്തി കൂടിക്കാഴ്‌ച നടത്തിയത്.
ALSO READ | വീണ്ടും അടുത്ത് 'പ്രതിപക്ഷ ഐക്യം'; രാഹുലും ഖാര്‍ഗെയുമായി കൂടിക്കാഴ്‌ച നടത്തി നിതീഷ് കുമാറും തേജസ്വി യാദവും
ഹീറോ ആയി മാറിയ ബിജെപിയെ സീറോയാക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മമത ബാനര്‍ജി പറഞ്ഞു. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം നിതീഷ് കുമാറിനൊപ്പം ബംഗാൾ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 'ഞങ്ങളെല്ലാവരും ഒറ്റാക്കെട്ടാണെന്നുള്ള സന്ദേശം നല്‍കണം. ഇതൊരു ഈഗോ പ്രശ്‌നമല്ല, ഞങ്ങൾ എല്ലാവരും ഒന്നിച്ചുനില്‍ക്കുകയാണെന്ന് തെളിയിക്കാനാണ് ഈ കൂടിക്കാഴ്‌ച' - മമത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2024 പിടിക്കാന്‍ കൂടിക്കാഴ്‌ചകള്‍ സജീവം: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങൾ മെനഞ്ഞുള്ള മൂവരുടേയും ചര്‍ച്ച അടച്ചിട്ട മുറിയിലായിരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ (സെക്കുലർ) നേതാവുമായ എച്ച്‌ഡി കുമാരസ്വാമി എന്നിവരുമായും മമത ബാനർജി സമാനമായ കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ യോഗം നടന്നത്.
ALSO READ | 'ഒന്നിച്ച് മത്സരിച്ചാല്‍ ബിജെപി 100 സീറ്റില്‍ താഴെയെത്തും'; കോണ്‍ഗ്രസ് തീരുമാനമെടുക്കണമെന്ന് നിതീഷ് കുമാർ
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതിന്‍റെ ഭാഗമായി നിതീഷ് ഈ മാസം ആദ്യം രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും കണ്ടിരുന്നു. ന്യൂഡൽഹിയിൽ എത്തിയാണ് കോൺഗ്രസ് നേതാക്കളെ കണ്ടത്. രാഹുലിന്‍റെ ഭാരത് ജോഡോ കഴിയാനാണ് താന്‍ കാത്തിരിക്കുന്നതെന്നും എന്നിട്ട് കൂടിക്കാഴ്‌ച നടത്തുമെന്നും നിതീഷ് നേരത്തേ പറഞ്ഞിരുന്നു. പുറമെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി എ രാജ എന്നിവരുമായും നീതീഷ് കൂടിക്കാഴ്‌ച നടത്തിയത് ശ്രദ്ധേയമായിരുന്നു.
രാഹുലിനെയും ഖാര്‍ഗെയേയും കണ്ട് നിതീഷ്: ഏപ്രില്‍ 12ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ നിതീഷിനൊപ്പം ആർജെഡി എംപി മനോജ് ഝാ, മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് എന്നിവരും പങ്കെടുത്തിരുന്നു. ഈ കൂടിക്കാഴ്‌ചയ്‌ക്ക് മുന്‍പ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ഡൽഹിയിലെ വസതിയിൽ പ്രതിപക്ഷ നേതാക്കള്‍ക്ക് അത്താഴവിരുന്നൊരുക്കിയിരുന്നു. ഇതില്‍ പങ്കെടുത്ത ജെഡിയു അധ്യക്ഷന്‍ ലാലൻ സിങ്, പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ശേഷമാണ് പ്രതിപക്ഷ നീക്കങ്ങള്‍ ഊര്‍ജിതമായത്.