ചെന്നൈ : തമിഴ്‌നാട്ടിൽ നടന്ന കസ്‌റ്റംസ് പരീക്ഷയിൽ തട്ടിപ്പ് (Malpractice In Customs Exam) നടത്തിയ 28 ഉത്തരേന്ത്യൻ സ്വദേശികൾ അറസ്‌റ്റിൽ (North Indians Arrested). 26 ഹരിയാന സ്വദേശികളും രണ്ട് ഉത്തർപ്രദേശ് സ്വദേശികളുമാണ് അറസ്‌റ്റിലായത്. ചെന്നൈ കസ്‌റ്റംസിൽ കാന്‍റീൻ അസിസ്‌റ്റന്‍റ്, ഡ്രൈവർ തുടങ്ങിയ തസ്‌തികകളിലേയ്‌ക്ക് നടത്തിയ പരീക്ഷയിലാണ് തട്ടിപ്പ് നടത്തിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഉദ്യോഗാർഥികൾ ബ്ലൂടൂത്ത് (Bluetooth Used In Exam Hall) ചെവിയിൽ സൂക്ഷിച്ച് ഉത്തരങ്ങൾ കൈമാറുകയായിരുന്നു. ഹരിയാന സ്വദേശികൾ മുൻപും സമാനമായരീതിയൽ പരീക്ഷകളിൽ കോപ്പിയടിയും ആൾമാറാട്ടവും നടത്തിയിട്ടുണ്ട്.
മൂന്ന് വിഭാഗങ്ങളിലായി 17 തസ്‌തികകളിലേക്കാണ് ശനിയാഴ്‌ച (14.10.2023) ചെന്നൈ കസ്‌റ്റംസ് ഓഫിസിൽ (Chennai Customs Office) പരീക്ഷ നടന്നത്. മോണിറ്ററിങ് സംഘത്തിന് സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗാർഥികളെ ചോദ്യം ചെയ്യുകയും ഇവർ പരസ്‌പര വിരുദ്ധമായി മറുപടി നൽകുകയും ചെയ്‌തതാണ് തട്ടിപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരീക്ഷ കേന്ദ്രത്തിൽ അനുവദിക്കാത്തതിനാൽ പ്രത്യേകം രൂപകല്‍പന ചെയ്‌ത ബ്ലൂടൂത്ത് മാതൃകയിലുള്ള ഉപകരണം ശരീരത്തിൽ ടേപ്പ് ഉപയോഗിച്ച് ചുറ്റിയാണ് ഇവർ പരീക്ഷ ഹാളിൽ പ്രവേശിച്ചതെന്നാണ് വിവരം.
ഇവർക്ക് പരീക്ഷ കേന്ദ്രത്തിന് പുറത്തു നിന്നും ഉത്തരം പറഞ്ഞു നൽകിയയായളെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. അതേസമയം, പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം (impersonation) നടന്നതായും പൊലീസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജസ്ഥാനിൽ നിന്നുള്ള സെർ സിങ് എന്നയാൾക്ക് പകരം ഉത്തർപ്രദേശ് സ്വദേശിയായ ശ്രാവൺ കുമാറാണ് പരീക്ഷ എഴുതുയത്. സംഭവത്തിൽ ശ്രാവൺ കുമാറിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. തട്ടിപ്പ്, സാങ്കേതിക വിദ്യ ദുരൂപയോഗം ചെയ്യൽ തുടങ്ങിയ വകുപ്പുകളിൽ നോർത്ത് ബീച്ച് പൊലീസ് അറസ്‌റ്റ് ചെയ്‌ത 28 പേർക്കും പിന്നീട് ജാമ്യം നൽകി വിട്ടയച്ചു.
10, പ്ലസ് ടു വിദ്യഭ്യാസ യോഗ്യതയുള്ളവർക്കായാണ് ചെന്നൈ കസ്‌റ്റംസ് ഓഫിസിൽ പരീക്ഷ നടത്തിയത്. യോഗ്യത നേടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം പ്രഖ്യാപിച്ചിരുന്നത്. ഏകദേശം 12,000 പേരാണ് പരീക്ഷയ്‌ക്ക് അപേക്ഷിച്ചത്. എന്നാൽ 1600 പേരാണ് എഴുത്തുപരീക്ഷയ്‌ക്ക് യോഗ്യത നേടിയത്.
ഐഎസ്‌ആർഒ പരീക്ഷയിൽ കോപ്പിയടി : ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മാസമാണ് ഐഎസ്‌ആർഒയിലെ വിഎസ്എസ്‌സി (VSCC) ടെക്‌നീഷ്യൻ തസ്‌തികയിലേക്ക് നടന്ന പരീക്ഷയിൽ കോപ്പിയടി പിടികൂടിയത്. പരീക്ഷ കേന്ദ്രത്തിൽ അപേക്ഷകർക്ക് വേണ്ടി മറ്റ് രണ്ടുപേര്‍ പരീക്ഷ എഴുതുകയായിരുന്നു. ഇതോടെ ആൾമാറാട്ടവും കോപ്പിയടിയുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവരെ പൊലീസ് പിടികൂടി.
അറസ്‌റ്റിലായ ഇവരെ ചോദ്യം ചെയ്‌തപ്പോൾ തിരുവനന്തപുരത്തെ 10 പരീക്ഷ സെന്‍ററുകളിൽ ഹരിയാനയിൽ നിന്ന് മാത്രം പരീക്ഷയ്ക്കായി എത്തിയത് 469 പേരാണെന്ന് കണ്ടെത്തി.