ജയ്‌പൂർ: രാജസ്ഥാന്‍ സര്‍ക്കാരിനെ സച്ചിന്‍ പൈലറ്റ് തുടരെ പ്രതിസന്ധിയിലാക്കുന്ന വിഷയത്തില്‍ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടപെട്ടേക്കും. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പടലപ്പിണക്കം തുടരുന്ന സച്ചിൻ പൈലറ്റ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഖാര്‍ഗെയുടെ ഇടപെടലിനെക്കുറിച്ചുള്ള വിവരം, എഐസിസി രാജസ്ഥാന്‍ ചുമതലയുള്ള ഖാസി നിസാമുദ്ദീനാണ് മാധ്യമങ്ങളോട് പറഞ്ഞത്.
കര്‍ണാടക മുഖ്യമന്ത്രി പദവി സംബന്ധിച്ച വിഷയം പരിഹരിച്ച ശേഷം അശോക് ഗെലോട്ട് - സച്ചിന്‍ പൈലറ്റ് വിഷയത്തില്‍ ഖാര്‍ഗെ ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. എഐസിസി ചുമതലയുള്ള അമൃത ധവാനും വീരേന്ദ്ര സിങ് റാത്തോഡിനുമൊപ്പം എത്തിയ ഖാസി സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും ആശയവിനിമയം നടത്തി. ഇത് തെരഞ്ഞെടുപ്പ് വർഷമാണെന്നും പാർട്ടിയുടെ വിജയം എങ്ങനെ ഉറപ്പാക്കാം എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കാണ് മുന്‍ഗണന എന്നും ഖാസി പറഞ്ഞു.
പൈലറ്റിന്‍റെ ഭീഷണി ജന്‍സംഘര്‍ഷ് റാലിയില്‍: സച്ചിൻ കോൺഗ്രസിന്‍റെ ശക്തനായ നേതാവാണ്. നമ്മുടെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നടക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. മുഴുവൻ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാമെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ വിജയിച്ചതിനെ തുടര്‍ന്ന് സർക്കാർ രൂപീകരണത്തിനായി പാർട്ടി ഒരുങ്ങുകയാണെന്നും അവിടുത്തെ സാഹചര്യം പരിഹരിച്ച ശേഷം കോൺഗ്രസ് അധ്യക്ഷൻ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും നിസാമുദ്ദീൻ പറഞ്ഞു.
രാജസ്ഥാനില്‍ നടക്കുന്ന ജന്‍സംഘര്‍ഷ റാലിയിലാണ് പൈലറ്റിന്‍റെ ഭീഷണി. തന്‍റെ ആവശ്യങ്ങൾ ഈ മാസാവസാനത്തോടെ അംഗീകരിക്കണമെന്നും അല്ലെങ്കിൽ സംസ്ഥാനവ്യാപകമായി താന്‍ പ്രതിഷേധം ഉയര്‍ത്തുമെന്നും സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകുകയായിരുന്നു. സംസ്ഥാനത്ത് നടന്ന അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം, രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മിഷനും (ആർപിഎസ്‌സി) പുനഃസംഘടന നടത്തുക, ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സർക്കാർ റിക്രൂട്ട്‌മെന്‍റ് പരീക്ഷകൾ റദ്ദാക്കിയതുമൂലം ദുരിതമനുഭവിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നഷ്‌ടപരിഹാരം എന്നിവയാണ് സച്ചിന്‍റെ ആവശ്യങ്ങള്‍.