ഹൈദരാബാദ് : പുനഃസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ (Congress Working Committee) ആദ്യ യോഗത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge Against Modi Regime In CWC). പാർലമെന്‍റിൽ പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ശ്രമങ്ങളെ അപലപിക്കുന്നതായി ഖാർഗെ പറഞ്ഞു. രാജ്യം ഇന്ന് ഗുരുതരമായ ആഭ്യന്തര വെല്ലുവിളികൾ നേരിടുകയാണ്.
പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, മണിപ്പൂർ കലാപം, വർധിച്ചുവരുന്ന അസമത്വവും കർഷകരും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധികൾ തുടങ്ങി മോദി സർക്കാർ എല്ലാ മേഖലയിലും സമ്പൂർണ പരാജയമാണ്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷ്യസുരക്ഷ തുടങ്ങിയവയ്‌ക്കുള്ള അവകാശം പൊതുജനങ്ങൾക്ക് ഉറപ്പാക്കാൻ ജാതി സർവേയ്‌ക്കൊപ്പം സെൻസസ് നടപടികളും ഉടൻ ആരംഭിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അടിസ്ഥാന വിഷയങ്ങളിൽ പ്രതിപക്ഷത്തുള്ള 27 പാർട്ടികളും ഒന്നിച്ചാണ്.
വിജയകരമായി നടന്ന മൂന്ന് യോഗങ്ങളോടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ബിജെപി സർക്കാരിനെ നേരിടാൻ ഇന്ത്യ സഖ്യം തയ്യാറാണ്. തങ്ങളെ നേരിടാൻ ബിജെപി സർക്കാർ പ്രതികാര നടപടികളിലേക്ക് നീങ്ങുകയാണ്. രാജ്യത്തിന്‍റെ ജനാധിപത്യവും പാർശ്വവത്‌കരിക്കപ്പെട്ട സമുദായങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്‌ഞാബദ്ധരാണ്.
ബിജെപി സർക്കാർ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നു : ജനങ്ങളുടെ ശബ്‌ദമാകുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വരാനിരിക്കുന്ന പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ ഭരണപക്ഷത്തിന്‍റെ ഉദ്ദേശ്യങ്ങൾ ആശങ്ക സൃഷ്‌ടിക്കുന്നുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒമ്പതര വർഷമായി കേന്ദ്രത്തിന്‍റെ പ്രധാന പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ സാധാരണക്കാരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കുന്നതിന് കോൺഗ്രസ് മുന്നിട്ടിറങ്ങിയിരുന്നു. മണിപ്പൂരിൽ (Manipur Violence) ഇപ്പോഴും അരങ്ങേറുന്ന അക്രമങ്ങൾക്ക് രാജ്യം മുഴുവൻ സാക്ഷിയാണ്. ഇതേ കലാപം ഹരിയാനയിലെ നുഹ് വരെ എത്തി. ഈ സംഭവങ്ങൾ ആധുനികവും പുരോഗമനപരവും മതേതരവുമായ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും ഖാർഗെ ആരോപിച്ചു.
വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര സഹായം നൽകേണ്ടതുണ്ട്. ചൈനയുടെ കടന്നുകയറ്റത്തിൽ രാജ്യ സുരക്ഷ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതേസമയം, ശൂന്യമായ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്‌ച നടക്കുന്ന വിപുലീകൃത സിഡബ്ല്യുസി യോഗത്തിൽ വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളെ കുറിച്ച് ചർച്ച നടത്തും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എകെ ആന്‍റണി, അംബികാ സോണി, രാജീവ് ശുക്ല എന്നിവരുൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.