കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥിക്ക് വെടിയേറ്റു. മാൾഡ സെന്‍ററിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി ഗോപാൽ ചന്ദ്ര സാഹയ്‌ക്കാണ് വെടിയേറ്റത്. ഞായറാഴ്‌ച രാത്രി സഹാപൂർ ഗ്രാമപഞ്ചായത്തിലെ ജാന്തു ബസാർ പ്രദേശത്ത് വെച്ചാണ് ഗോപാൽ ചന്ദ്രക്ക് വെടിയേറ്റത്.
ജാന്തു ബസാറിലെ പാർട്ടി ഓഫീസിലെത്തി മടങ്ങവെ പ്രവർത്തകരുമായി സംസാരിച്ച് നിൽക്കമ്പോഴായിരുന്നു ആക്രമണം. വലതു ചെവിയിൽ വെടിയേറ്റ ഗോപാൽ ചന്ദ്രയെ മാൽഡ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇതുവരെ പൊലീസിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് ബിജെപി യുവമോർച്ചാ നേതാവ് ബിസ്‌വജിത് റോയ് പറഞ്ഞു. എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ അടുത്ത ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 22നാണ്.