ന്യൂഡല്‍ഹി : പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര നടപടി പൂര്‍ത്തിയാകും മുമ്പേ ഇറങ്ങിപ്പോയി. എത്തിക്‌സ് കമ്മിറ്റിക്കെതിരെയുള്ള പ്രതിഷേധമറിയിച്ചാണ് മഹുവ മൊയ്‌ത്ര ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാകും മുമ്പ് ഇറങ്ങിപ്പോയത്. എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍റേത് പക്ഷപാതപരമായ പെരുമാറ്റമാണെന്നും ഒരു വനിത എംപിയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളുണ്ടായെന്നും അവര്‍ പ്രതികരിച്ചു.
കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വ്യാഴാഴ്‌ച (02.11.2023) രാവിലെ 11 മണിയോടെയാണ് മഹുവ മൊയ്‌ത്ര എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്. തനിക്കെതിരെ സത്യവാങ്‌മൂലം നല്‍കിയ ഹിരാനന്ദാനി ഗ്രൂപ് സിഇഒ ദര്‍ശന്‍ ഹിരാനന്ദിയേയും അഭിഭാഷകനായ ജയ് ദേഹാദ്രിയേയും വിസ്‌തരിക്കാന്‍ അനുവദിക്കണമെന്നും മഹുവ മൊയ്‌ത്ര കമ്മിറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്തായിരുന്നു ആ ആരോപണം : അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദര്‍ശന്‍ ഹിരാനന്ദിയില്‍ നിന്ന് മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ ഉയര്‍ത്തിയ ആരോപണം.വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ലക്കും കത്തയച്ചിരുന്നു. മഹുവ മൊയ്‌ത്ര കൈക്കൂലി വാങ്ങി എന്നതിനുള്ള തെളിവുകള്‍ അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രി തനിക്ക് നല്‍കിയെന്നും ദുബെ അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയത്തിന് രാഷ്‌ട്രീയ ശ്രദ്ധ വരുന്നത്.
മാത്രമല്ല ബിജെപി എംപി വിനോദ് കുമാര്‍ സോങ്കര്‍ ചെയര്‍മാനായ എത്തിക്‌സ് കമ്മിറ്റിക്ക് താന്‍ അയച്ച കത്ത് ചൊവ്വാഴ്‌ച (നവംബര്‍ 1) മഹുവ മൊയ്‌ത്ര പരസ്യമാക്കിയിരുന്നു. തന്‍റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് തൃണമൂല്‍ എംപി ഈ കത്ത് പങ്കുവച്ചത്. 'എനിക്കുള്ള സമന്‍സ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കുന്നത് ഉചിതമാണെന്ന് എത്തിക്‌സ് കമ്മിറ്റി കരുതുന്നതിനാല്‍, ഞാന്‍ കമ്മിറ്റിക്ക് അയച്ച കത്ത് നാളെ എന്‍റെ ഹിയറിങ്ങിന് മുന്‍പായി പരസ്യമാക്കുന്നത് പ്രധാനമാണെന്ന് ഞാനും കരുതുന്നു' - ഇങ്ങനെ കുറിച്ചുകൊണ്ടാണ് മഹുവ മൊയ്‌ത്ര കത്ത് എക്‌സില്‍ പങ്കിട്ടത്.