ന്യൂഡല്‍ഹി : അഴിമതിക്കേസിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തൃണമൂൽ കോൺഗ്രസ് (Trinamool Congress - TMC) നേതാവ് മഹുവ മൊയ്ത്ര (Mahua Moitra moves Supreme Court). ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണ് ലോക്‌സഭയില്‍ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയത് (cash for query corruption case).
പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിനായി മഹുവ മൊയ്ത്ര, വ്യവസായി ദര്‍ശന്‍ ഹീരാ നന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് ആരോപണം. മറ്റൊരു പാര്‍ലമെന്‍റ് അംഗമായ നിഷികാന്ത് ദുബേ നല്‍കിയ പരാതി ലോക്‌സഭ സ്‌പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ഹീരാ നന്ദാനിയുടെ (Darshan Hiranandani) വ്യവസായ താല്‍പര്യം സംരക്ഷിക്കാന്‍ മഹുവ മൊയ്ത്ര പണം കൈപ്പറ്റി പാര്‍ലമെന്‍റില്‍ ചോദ്യം ചോദിച്ചുവെന്നതിന് പുറമെ ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ ലോക്‌സഭ വെബ്സൈറ്റിലെ തന്‍റെ പാസ് വേര്‍ഡ് വരെ വ്യവസായിയുമായി പങ്കുവച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു (Mahua Moitra expelled from Lok Sabha).
പരാതിക്കാരനില്‍ നിന്നും ആരോപണ വിധേയയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ഇരുവരേയും വിസ്‌തരിച്ച ശേഷം എത്തിക്‌സ് കമ്മിറ്റി സ്‌പീക്കര്‍ക്ക് കഴിഞ്ഞ നവംബര്‍ 9 ന് റിപ്പോര്‍ട്ട് നല്‍കി. പാർലമെന്‍റ് അംഗമെന്ന നിലയിൽ നിന്ന് മഹുവ മൊയ്‌ത്രയെ അയോഗ്യയാക്കാനുള്ള എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ കണക്കിലെടുത്ത് ഡിസംബർ 8 ന് മഹുവയെ പുറത്താക്കാനുള്ള പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി.
അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് തന്‍റെ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന ഹീരാനന്ദാനിയുടെ സത്യവാങ്മൂലത്തിന്‍റെ അടിസ്ഥാനത്തിലാണ് പുറത്താക്കാൻ കമ്മിറ്റി ശുപാർശ ചെയ്‌തത്. അതേസമയം പുറത്താക്കലിനോട് രൂക്ഷമായി പ്രതികരിച്ച് മൊയ്‌ത്ര രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തെ കീഴ്‌പ്പെടുത്താൻ സർക്കാർ ഒരു പാർലമെന്‍ററി പാനലിനെ ആയുധമാക്കുകയാണെന്ന് അവർ ആരോപിച്ചു. നിലവിലില്ലാത്ത ധാർമ്മിക നിയമങ്ങൾ ലംഘിച്ചതിന് താൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പണമോ സമ്മാനമോ നൽകിയതിന് തെളിവില്ലെന്നും മഹുവ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ പകപോക്കല്‍ രാഷ്‌ട്രീയമാണ് മഹുവ മൊയ്‌ത്രയുടെ പുറത്താകലിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു. പുതിയ സഭയിലെ കറുത്ത അധ്യായം എന്നാണ് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജൻ ചൗധരി തൃണമൂല്‍ നേതാവിനെതിരായ നടപടിയെ വിശേഷിപ്പിച്ചത്.
പ്രതിപക്ഷത്തിന് ഏറെ സമയം നല്‍കാതെ ഞൊടിയിടയിലായിരുന്നു റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചത്. ആരോപണ വിധേയയായ മഹുവ മൊയ്ത്രയ്ക്ക് ചര്‍ച്ചക്കിടെ വിശദീകരിക്കാന്‍ സമയം അനുവദിച്ചതുമില്ല. ചര്‍ച്ചയെത്തുടര്‍ന്ന് 2005 ലെ കീഴ്വഴക്കം ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള പ്രമേയം പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുകയായിരുന്നു. എംപി എന്ന നിലയ്ക്കുള്ള മഹുവ മൊയ്ത്രയുടെ പെരുമാറ്റം പദവിക്ക് നിരക്കാത്തതാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.