കൊല്‍ക്കത്ത: എം പി സ്ഥാനത്തു നിന്ന് അയോഗ്യയാക്കാന്‍ നീക്കം നടക്കുന്നതിനിടെ മഹുവ മൊയ്ത്രയ്‌ക്ക് പുതിയ ചുമതല നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ കൃഷ്‌ണനഗര്‍ ജില്ലാ അധ്യക്ഷയായാണ് മഹുവയുടെ നിയമനം (Mahua Moitra Made TMC Krishnanagar President). പശ്ചിമ ബംഗാളിലെ 35 ജില്ലകളില്‍ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചതിനൊപ്പമാണ് മഹുവയ്‌ക്കും പാര്‍ട്ടി പുതിയ ചുമതല നല്‍കിയത്. 35 ജില്ലകളിലെയും പ്രസിഡന്‍റുമാരുടെയും പുതുക്കിയ പട്ടിക തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.
ഒക്‌ടോബര്‍ 10 നാണ് കൈക്കൂലി ആരോപണ കേസില്‍ മഹുവ മൊയ്‌ത്രയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ അധാര്‍മികമായി പെറുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശുപാര്‍ശ. തുടര്‍ന്ന് മഹുവക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് എത്തിക്‌സ് കമ്മിറ്റി പാസാക്കി. ഇതോടെ പാര്‍ലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തില്‍ മഹുവക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
എത്തിക്‌സ് കമ്മിറ്റിക്കെതിരെ മഹുവ: തനിക്കെതിരെയുള്ള ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര രംഗത്തെത്തിയിരുന്നു. തനിക്കെതിരെയുള്ള നടപടി പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ അന്ത്യമാണെന്ന് എംപി പറഞ്ഞു. ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി ഒരു 'കംഗാരു' കോടതി പോലെയാണ് പ്രവർത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കാനുള്ള അധികാരം കമ്മിറ്റിക്കില്ല. ലോക്‌സഭയില്‍ നിന്നും തന്നെ അയോഗ്യയാക്കിയാലും കൂടുതല്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭയില്‍ തിരിച്ചെത്തും. പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ നിയമ വിരുദ്ധമായി അയോഗ്യയാക്കപ്പെടുന്ന ആദ്യ സ്‌ത്രീ എന്നതില്‍ താന്‍ അഭിമാനിക്കുമെന്നും തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കേസ് സിബിഐയ്‌ക്ക് വിടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മഹുവ മൊയ്‌ത്ര എംപി എക്‌സില്‍ കുറിച്ചു.
കംഗാരു കോടതിയായ എത്തിക്‌സ് കമ്മിറ്റി വെറും കുരങ്ങ് ബിസിനസ് നടത്തുകയാണെന്നും എംപി ആരോപിച്ചു. തനിക്കെതിരെ കൃഷ്‌ണനഗര്‍ എംപിയും ബിജെപി നേതാവായ നിഷികാന്ത് ദുബെയും ഉന്നയിച്ച ആരോപണം 2024 ല്‍ ലോക്‌സഭ സീറ്റില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ തനിക്ക് സഹായകമാകുമെന്നും എംപി പറഞ്ഞു. നല്ല പ്രതിസന്ധികളെ ഒരിക്കലും പാഴാക്കരുത്. ഇത് എന്‍റെ 2024 ലെ വിജയം ഇരട്ടിയാക്കാന്‍ എന്നെ സഹായിക്കുമെന്നും എംപി എക്‌സില്‍ പറഞ്ഞു.
മഹുവ മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണം : വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമാക്കി ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചുവെന്നതാണ് മഹുവ മൊയ്‌ത്രക്കെതിരെയുള്ള കേസ്. ഹിരാനന്ദാനിക്ക് അനുകൂലമായി ചോദ്യങ്ങള്‍ ചോദിക്കാനും സംസാരിക്കാനും പണവും മറ്റ് പാരിതോഷികങ്ങളും കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 2നാണ് മഹുവ മൊയ്‌ത്ര ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്. തനിക്കെതിരെ സത്യവാങ്‌മൂലം നല്‍കിയ ഹിരാനന്ദാനിയേയും അഭിഭാഷകനെയും വിസ്‌തരിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ എംപി കമ്മിറ്റി അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.