മുംബൈ : മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, വിമത എംഎല്‍എമാര്‍ക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ശിവസേന. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പടെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നിയമ നടപടികള്‍ പാർട്ടി ആരംഭിച്ചതായി എംപിയും ശിവസേന നേതാവുമായ അരവിന്ദ് സാവന്ത് അറിയിച്ചു. അയോഗ്യരാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ക്ക് ശിവസേന നോട്ടിസ് നല്‍കി.
ഒരാൾ സ്വമേധയാ പാർട്ടി അംഗത്വം ഉപേക്ഷിച്ചാലോ ഒരു നിയമസഭാംഗം സഭയ്ക്ക് പുറത്ത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാലോ അയോഗ്യരാക്കാനാകും. ശിവസേന നിരവധി യോഗങ്ങൾ വിളിച്ചുവെങ്കിലും വിമത എംഎല്‍എമാർ പ്രതികരിച്ചില്ല. മറ്റൊരു സംസ്ഥാനത്തേക്ക് പോകുകയും സർക്കാരിനെതിരെ കത്തെഴുതുകയും ചെയ്‌തതിലൂടെ 16 എംഎല്‍എമാരും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിചാരണ നേരിടാനും അയോഗ്യരാക്കപ്പെടാനും മതിയായ കാരണമാണെന്ന് മഹാരാഷ്‌ട്ര സര്‍ക്കാരിന്‍റെ നിയമോപദേശകനായ അഡ്വക്കേറ്റ് ദേവദത്ത് കാമത്ത് പറഞ്ഞു.
മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ തങ്ങളുടെ സ്ഥാനം നിലനില്‍ക്കുമെന്ന വിമത എംഎൽഎമാരുടെ അവകാശവാദം, മറ്റൊരു പാർട്ടിയുമായി ലയനമുണ്ടായാൽ മാത്രമേ യാഥാര്‍ഥ്യമാകൂ. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാലും ഇപ്പോഴും മറ്റൊരു പാര്‍ട്ടിയുമായി ലയനം ഇല്ലാത്തതിനാലും വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കഴിയുമെന്ന് ദേവദത്ത് കാമത്ത് വ്യക്തമാക്കി.
യോഗം വിളിച്ച് ശരദ് പവാര്‍ : ഇതിനിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ സഖ്യ കക്ഷികളുടെ യോഗം വിളിച്ചു. കോൺഗ്രസ് നേതാക്കളും മന്ത്രിമാരുമായ ബാലാസാഹേബ് തോറാട്ട്, അശോക് ചവാൻ, ശിവസേന നേതാവും മന്ത്രിയുമായ അനിൽ പരബ്, ശിവസേന നേതാവ് അനിൽ ദേശായി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രി അജിത് പവാർ, ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീല്‍ എന്നിവരും മുംബൈയിലെ വസതിയിലെത്തി പവാറുമായി കൂടിക്കാഴ്‌ച നടത്തി.
Also read: 'വഞ്ചകരെ പാർട്ടിക്ക് വേണ്ട'; തെരഞ്ഞെടുപ്പിനെ നേരിടാൻ ഷിൻഡെയെ വെല്ലുവിളിച്ച് ആദിത്യ താക്കറെ
ഏക്‌നാഥ് ഷിൻഡെ ഉള്‍പ്പടെ 16 എംഎൽഎമാരുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് കോടതിയിൽ ഉന്നയിക്കേണ്ട നിയമപ്രശ്‌നങ്ങൾ യോഗത്തില്‍ വിലയിരുത്തി. നിയമപരമായി തന്നെ നീങ്ങണമെന്നും കോടതിയിൽ എതൊക്കെ പ്രശ്‌നങ്ങള്‍ ഉന്നയിക്കണമെന്നതും സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം. അതേസമയം, ഷിൻഡെ വിഭാഗവും സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
സുപ്രീം കോടതിയെ സമീപിക്കാന്‍ വിമതര്‍ : വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍ നര്‍ഹരി സിർവാള്‍ നോട്ടിസ് നൽകിയതിനെ ചോദ്യം ചെയ്യാനാണ് വിമത എംഎൽഎമാരുടെ നീക്കം. വിപ്പ് ലംഘിച്ചാൽ മാത്രമേ അയോഗ്യരാക്കാനാകൂ. സഭയ്ക്ക് പുറത്ത് ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തില്ലെന്നതിനാല്‍ അയോഗ്യരാക്കാനാകില്ലെന്ന് വിമത എംഎല്‍എമാര്‍ വാദിക്കുന്നു.
അംഗങ്ങൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഏഴ് ദിവസത്തെ നോട്ടിസ് നൽകേണ്ടത് നിർബന്ധമാണെങ്കിലും രണ്ട് ദിവസത്തെ സമയം മാത്രമാണ് അനുവദിച്ചത്. നര്‍ഹരി സിർവാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള അവിശ്വാസ പ്രമേയം നിയമസഭയുടെ പരിഗണനയിലിരിക്കെ തങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഡെപ്യൂട്ടി സ്‌പീക്കറുടെ അവകാശത്തെയും വിമതർ ചോദ്യം ചെയ്‌തിട്ടുണ്ട്.