മുംബൈ: മഹാരാഷ്‌ട്ര സാമൂഹിക നീതി മന്ത്രി ധനഞ്ജയ് മുണ്ടെ രണ്ടാം തവണയും കൊവിഡ് പോസിറ്റീവായി. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എൻസിപി നേതാവായ അദ്ദേഹത്തിന് കഴിഞ്ഞ ജൂണിലും രോഗബാധയുണ്ടായിരുന്നു. താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വമേധയാ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, മാസ്ക് ഉറപ്പാക്കി സാമൂഹിക അകലം പാലിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മഹാരാഷ്‌ട്രയിൽ ദിനംപ്രതി കൊവിഡ് നിരക്കിൽ വലിയ വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 28,699 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.132പേരാണ് ഇന്നലെ മാത്രം മരിച്ചത്.13,165 പേർക്ക് കൂടി രോഗം ഭേദമായതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 22,47,495 ആയി. 2,30,641 സജീവ കേസുകളുൾപ്പെടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 25,33,026 ആയി.