മുംബൈ: സത്യപ്രതിജ്ഞ ചെയ്‌ത് 41 ദിവസത്തിന് ശേഷം മന്ത്രിസഭ വിപുലീകരിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ബിജെപിയിലെ ഒന്‍പത് അംഗങ്ങള്‍ ഉള്‍പ്പെടെ 18 മന്ത്രിമാരാണ് ഇന്ന് (09.08.2022) ഗവർണർ ബി.എസ് കോഷിയാരിക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്‌തത്. മുംബൈയിലെ രാജ്‌ഭവനില്‍ രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.
ജൂൺ 30നാണ് ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌ത്. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉൾപ്പെടെ 18 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്‌തതോടെ മഹാരാഷ്‌ട്ര മന്ത്രിസഭയുടെ അംഗബലം 20 ആയി ഉയർന്നു. പരമാവധി 43 മന്ത്രിമാരെ വരെ ഉള്‍പ്പെടുത്താമെന്നിരിക്കെ മന്ത്രിസഭ വികസനം ഇനിയുമുണ്ടാകുമെന്നാണ് സൂചന.
മന്ത്രിമാർ ഇവർ: രാധാകൃഷ്‌ണ വിഖെ പാട്ടീൽ, സുധീർ മുങ്കന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, വിജയകുമാർ ഗാവിത്, ഗിരീഷ് മഹാജൻ, സുരേഷ് ഖാഡെ, രവീന്ദ്ര ചവാൻ, അതുൽ സേവ്, മംഗൾപ്രഭാത് ലോധ എന്നിവരാണ് ബിജെപിയുടെ പുതിയ മന്ത്രിമാര്‍.
ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ, സഞ്‌ജയ് റാത്തോഡ്, സന്ദീപൻ ഭുംരെ, ഉദയ് സാമന്ത്, താനാജി സാവന്ത്, അബ്‌ദുൽ സത്താർ, ദീപക് കേസർകർ ശംഭുരാജ് ദേശായി എന്നിവരാണ് ഷിൻഡെ ഗ്രൂപ്പില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍.
യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ബിജെപി നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി രാജിവച്ച ഷിൻഡെ ഗ്രൂപ്പ് എം.എൽ.എ സഞ്‌ജയ് റാത്തോഡും പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്നു സഞ്‌ജയ് റാത്തോഡ്.
വിമർശനവുമായി പ്രതിപക്ഷം: പുതിയ മന്ത്രിസഭയില്‍ സ്‌ത്രീകളെ ഉൾപ്പെടുത്താത്തതില്‍ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി. 'ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനവും സ്‌ത്രീകളാണ്. എന്നാല്‍, ഒരു സ്‌ത്രീയെ പോലും ഏക്‌നാഥ് ഷിൻഡെയുടെ മന്ത്രിസഭയ്‌ക്ക് ഉള്‍പ്പെടുത്തുവാന്‍ സാധിച്ചില്ല' എന്ന് എൻസിപി എംപി സുപ്രിയ സുലെ പറഞ്ഞു'. സ്‌ത്രീയുടെ മരണത്തിന് കാരണക്കാരനായ സഞ്‌ജയ് റാത്തോഡിന് മന്ത്രി സ്ഥാനം നല്‍കിയതിനെതിരെ പോരാട്ടം തുടരുമെന്നും' സുപ്രിയ സുലെ കൂട്ടിച്ചേര്‍ത്തു.