റായ്‌പൂര്‍: മഹാദേവ് വാതുവയ്‌പ്പ് കേസില്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് ആശ്വാസം. കേസില്‍ നേരത്തെ ഇഡി അറസ്റ്റ് ചെയ്‌ത ഡ്രൈവര്‍ അസിം ദാസ് മുഖ്യമന്ത്രിക്കെതിരെ നേരത്തെ നല്‍കിയ മൊഴി പിന്‍വലിച്ചു. മുഖ്യമന്ത്രിയെ ബലിയാടാക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൊഴി പിന്‍വലിച്ചത്.
കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് അസിം ദാസിന്‍റെ അഭിഭാഷകന്‍ ഷോയിബ് അല്‍വി ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇഡി തന്നെ പ്രതിക്കൂട്ടിലാക്കുകയാണുണ്ടായതെന്ന് ചൂണ്ടിക്കാട്ടി അസിം ദാസ് കോടതിക്കും ഇഡി ഡയറക്‌ടര്‍ക്കും പരാതി നല്‍കിയിരുന്നു. കത്തിന്‍റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലേക്കും കൈമാറിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു.
കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പരാതി സ്വീകരിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നവംബര്‍ 5നാണ് കേസുമായി ബന്ധപ്പെട്ട് അസിം ദാസിനെ ഇഡി അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് അസിം നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കുറിച്ച് പരമാര്‍ശമുണ്ടെന്ന് ഇഡി അറിയിച്ചിരുന്നു. മഹാദേവ് വാതുവെപ്പ് ആപ്പിന്‍റെ പ്രമോട്ടർമാർ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിട്ടുണ്ടെന്നായിരുന്നു അസിമിന്‍റെ മൊഴി.
ഛത്തീസ്‌ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് 4 ദിവസം മുമ്പാണ് അസിം ദാസിനെ ഇഡി അറസ്റ്റ് ചെയ്‌തത്. അദ്ദേഹത്തിന്‍റെ കാറില്‍ നിന്നും 5.39 കോടി രൂപ സംഘം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. അസിമിനൊപ്പം കോണ്‍സ്റ്റബിള്‍ ഭീം സിങ് യാദവിനെയും സംഘം അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിലായതിന് പിന്നാലെ കേസില്‍ കുറ്റാരോപിതനായ ശുഭം സോണിയുടെ നിര്‍ദേശപ്രകാരമാണ് പണവുമായി റായിപൂരിലെത്തിയതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിനായി പണം കൈമാറാന്‍ എത്തിയതാണെന്നുമായിരുന്നു മൊഴി നല്‍കിയത്. മൊഴിയുടെ അവസാനത്തിലാണ് അസിം മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ പേര് പരാമര്‍ശിച്ചത്.
എന്നാല്‍ മുഖ്യമന്ത്രിക്ക് എതിരെ അടക്കമുള്ള മൊഴിയാണ് ഇപ്പോള്‍ അസിം ദാസ് പിന്‍വലിച്ചത്. മുഖ്യമന്ത്രി ബാഗേലിനോ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കോ താന്‍ പണം നല്‍കിയിട്ടില്ലെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും അസിം കോടതിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്: സംഭവത്തിന് പിന്നാലെ ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കേസില്‍ ഇഡിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇഡി കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതൊരു രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍പി സിങ് പറഞ്ഞു.