മധുര: മധുരയില്‍ ട്രെയിന്‍ കോച്ചിന് തീ പിടിച്ച് (Madurai Train Fire Accident) ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍, ടൂറിസ്‌റ്റ് കമ്പനിക്കെതിരെ (Tourist Company) കേസെടുത്ത് പൊലീസ് (Police). സീതാപൂർ ആസ്ഥാനമായുള്ള സ്വകാര്യ ടൂറിസ്‌റ്റ് കമ്പനിയായ ഭസിന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് (Bhasin Tours and Travels) എന്ന കമ്പനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷ നിയമത്തിലെ (Railway Safety Act) 67, 164, 165 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അപകടത്തില്‍ പരമേഷ് കുമാർ ഗുപ്ത (55), അങ്കുലി ഹരിയ (36), ചന്ദ്രമാൻ സിങ് (65), മനോരമ അഗർവാൾ (81), കുമാരി ഹേമാനി ബരിയാൽ (22), മിഥിലേഷ് കുമാരി (62), ശാന്തി ദേവി വർമ (57) എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദക്ഷിണ റെയില്‍വേ (Southern Railway) നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
മാത്രമല്ല അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ തമിഴ്‌നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ സന്ദർശിച്ചു. കൂടാതെ, വാണിജ്യ നികുതി മന്ത്രി ബി.മൂർത്തി മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്‌താവനയിറക്കി ദക്ഷിണ റെയില്‍വേ: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് തീപിടിച്ച സംഭവത്തില്‍ ദക്ഷിണ റെയിൽവേ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. സംഭവം നടന്ന ഉടൻ അഗ്നിരക്ഷ സേനയെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ 30 മിനിറ്റ് വേണ്ടിവന്നുവെന്നും ഇത്രയും വൈകിയത് അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചുവെന്നും ദക്ഷിണ റെയിൽവേ പ്രസ്‌താവനയില്‍ അറിയിച്ചു.
90 മിനിറ്റുകൊണ്ടാണ് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്നും ഇവര്‍ ഔദ്യോഗിക പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി കോച്ചില്‍ യാത്രക്കാര്‍ അനധികൃത എൽപിജി സിലിണ്ടര്‍ കടത്തിയതാണ് ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായതെന്നും യാത്രക്കാരില്‍ ഒരാള്‍ കോഫി ഉണ്ടാക്കാന്‍ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് നിഗമനം.
അപകടം ഇങ്ങനെ: ശനിയാഴ്‌ച പുലർച്ചെ 5.15നാണ് ട്രെയിനിലെ കോച്ചില്‍ തീപിടിത്തമുണ്ടായത്. സ്റ്റേഷൻ ഉദ്യോഗസ്ഥര്‍ ഉടൻ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും പുലർച്ചെ 5.45 ഓടെയാണ് സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തിയത്. തുടര്‍ന്ന് രാവിലെ 7.15 ഓടെയാണ് അഗ്‌നിരക്ഷ സേനയ്‌ക്ക് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
അതേസമയം ലഖ്‌നൗവില്‍ നിന്നുള്ള തീര്‍ഥാടകരുമായി ട്രെയിന്‍ രാമേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തില്‍ 12 ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെ ഉടന്‍ തന്നെ ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.