ചെന്നൈ: തന്‍റെ വിവാഹം രജിസ്റ്റർ ചെയ്യരുതെന്ന് രജിസ്ട്രേഷൻ വകുപ്പ് മേധാവിയോട് ആവശ്യപ്പെടണമെന്ന യുവതിയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ ഒക്‌ടോബറിൽ കോയമ്പത്തൂരിലെ പള്ളിയിൽ വച്ച് വിവാഹിതയായ യുവതിയാണ് ഹര്‍ജിക്കാരി. കേസ് പരിഗണിച്ച ജഡ്‌ജി ആർ സുബ്രഹ്മണ്യനാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ, ഡി ഹോർസ് രജിസ്ട്രേഷൻ (നിയമം, കരാര്‍, രേഖകള്‍ മുതലായവയുടെ പിന്‍ബലമില്ലാതെ) തന്നെ സാധുതയുള്ളതാണ്. എന്നാല്‍, വിവാഹം കഴിഞ്ഞാൽ രജിസ്റ്റര്‍ ചെയ്‌ത ശേഷം നിയമപ്രകാരം മാത്രമേ ബന്ധം വേര്‍പിരിയാന്‍ പറ്റുകയുള്ളൂവെന്നും കോടതി യുവതിയെ ഓര്‍മിപ്പിച്ചു. തന്‍റെ സമ്മതമില്ലാതെയാണ് വിവാഹം നടന്നത്. ഇക്കാരണത്താലാണ് താന്‍ വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി. സിവിൽ കോടതിയെയോ ഫോറത്തെയോ സമീപിക്കാൻ ഹരജിക്കാരിയോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.