ഭോപാല്‍: മധ്യപ്രദേശില്‍ ശിവരാജ്സിംഗ് ചൗഹാന്‍ സര്‍ക്കാറിന്‍റെ ഭാവി നിര്‍ണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ഉച്ചക്ക് 2.25 വരെയുള്ള കണക്കുകള്‍ പ്രകാരം 28 സീറ്റുകളില്‍ 21 സീറ്റും കരസ്ഥമാക്കി ബിജെപി അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന് ആറ് സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ ലീഡ് നിലയില്‍ കാര്യമായ മുന്നേറ്റം തന്നെയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ജോതിരാദിത്യ സിന്ധ്യയുടെ കുത്തക സീറ്റിലും അദ്ദേഹത്തിന്‍റെ ഒപ്പം പോയ എംഎല്‍എമാരുടെ സീറ്റുകളിലും ബിജെപിക്ക് മേല്‍കൈ നേടാനായിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍ ഇതോടെ അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്.
ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലാണ് മധ്യപ്രദേശിൽ ഇത്രയും സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. രണ്ട് സീറ്റിൽ അംഗങ്ങൾ മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിൽ 117 പേരുടെ പിന്തുണയിലാണ് ബിജെപി ഭരണം നടത്തുന്നത്. കേവല ഭൂരിപക്ഷം തികയ്ക്കാൻ വേണ്ട സംഖ്യയിലേക്ക് ബിജെപി തുടക്കത്തിൽ തന്നെ ലീഡ് നേടുകയാണ്. മത്സരം നടന്ന 28 ൽ 27 ഉം കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റുകളാണ്. എന്നാൽ ഇവയിൽ കൂടുതലും സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോർചമ്പൽ മേഖലയാണ് എന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്.