ഗ്വാളിയോര്‍(മധ്യപ്രദേശ്) : രോഗശയ്യയിലുള്ള മകളുടെ വിവാഹം വ്യത്യസ്‌തമായി നടത്തി പിതാവ്. ഹിന്ദുമത വിശ്വാസ പ്രകാരം വിഷ്‌ണുവിന്‍റെ അവതാരമായ ശ്രീകൃഷ്‌ണനാണ് വരന്‍. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലാണ് വ്യത്യസ്‌തമായ ഈ വിവാഹം നടന്നത്.
ശിശുപാല്‍ റാത്തോര്‍ എന്ന ബിസിനസുകാരനാണ് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത നാഡീരോഗത്താല്‍ കിടപ്പിലായ തന്‍റെ മകള്‍ സൊനാലിയുടെ വിവാഹം വേറിട്ട രീതിയില്‍ നടത്തിയത്. വിവാഹിതയാവാന്‍ സൊനാലി അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ 26 വര്‍ഷമായി കിടപ്പിലായ അവളെ വിവാഹം കഴിക്കാനായി ആരും മുന്നോട്ടുവന്നില്ല. ഈ സാഹചര്യത്തിലാണ് ശ്രീകൃഷ്‌ണനെ വരനായി സങ്കല്‍പ്പിച്ച് മകളുടെ വിവാഹം നടത്താന്‍ ശിശുപാല്‍ തീരുമാനിച്ചത്.
മകളുടെ 'വിവാഹ'ചടങ്ങിലേക്ക് ബന്ധുക്കളേയും അയല്‍ക്കാരേയും റാത്തോര്‍ ക്ഷണിച്ചു. ആരാണ് യുവതിയെ വിവാഹം കഴിക്കുക എന്ന ആകാംക്ഷയിലായിരുന്നു ബന്ധുക്കള്‍. തന്‍റെ മകള്‍ സൊനാലിയെ വിവാഹം കഴിക്കാനായി വൃന്ദാവനില്‍ നിന്നും ശ്രീകൃഷ്‌ണ ഭഗവാന്‍ വരുമെന്നായിരുന്നു അവരോട് റാത്തോറിന്‍റെ ഉത്തരം. വാദ്യമേളങ്ങളുടേയും നൃത്തച്ചുവടുകളുടേയും അകമ്പടിയില്‍ ഗംഭീരമായാണ് വിവാഹം നടന്നത്.
ചടങ്ങിന് ശേഷം വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ സൊനാലി തന്‍റെ രോഗത്താല്‍ ദുര്‍ബലമായ കൈകളാല്‍ തന്‍റെ 'ഭര്‍ത്താ'വിനെ തന്നോട് ചേര്‍ത്തുവയ്ക്കുന്നുണ്ടായിരുന്നു.