ഭോപ്പാൽ: മന്ത്രിക്കൊപ്പം സെൽഫി എടുക്കണമെങ്കിൽ ഇനി മുതൽ 100 രൂപ നൽകണം. സംഗതി തമാശയല്ല. മധ്യപ്രദേശിലെ ടൂറിസം മന്ത്രിയായ ഉഷാ താക്കൂർ പറഞ്ഞതാണ്. തന്നോടൊപ്പെം സെൽഫിയെടുക്കാൻ ആളുകൾ 100 രൂപ നൽകണമെന്നാണ് മന്ത്രി പറയുന്നത്.
കുറേ കാലമായി സെൽഫി എടുത്തു മടുത്തിട്ടല്ല ഈ തീരുമാനം. ആളുകളോടൊപ്പെം സെൽഫി എടുക്കുമ്പോൾ സമയം നഷ്ടപ്പെടുന്നുണ്ട്. അതു കൊണ്ടാണ് സെൽഫിക്ക് ഇനി മുതൽ പൈസ വാങ്ങുന്നതെന്ന് ഉഷാ താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. സെൽഫിയിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യത്തിനല്ല ഉപയോഗിക്കുന്നത്. അത് നേരെ പാർട്ടി ഫണ്ടിലേക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ചെറിയ പുള്ളിയല്ല
ഇനിയുമുണ്ട് മധ്യപ്രദേശിലെ ടൂറിസം മന്ത്രിയുടെ വിശേഷങ്ങൾ. കൊവിഡ് രോഗ വ്യാപനം തടയുന്നതിനായി എല്ലാവരും മാസ്ക് ഉപയോഗിക്കുമ്പോൾ ഉഷാ താക്കൂർ അന്നും ഇന്നും ഷാൾ ആണ് ഉപയോഗിക്കുന്നത്. അത് എന്താണ് അങ്ങനെയെന്ന് മന്ത്രിയോട് ചോദിച്ചാൽ മറുപടി ഇങ്ങനെയാണ്.
"ഞാൻ കുട്ടിക്കാലം മുതൽക്കെ ആയുർവേദ ചികിത്സയും യോഗ രീതികളുമാണ് അനുവർത്തിച്ച് പോരുന്നത്. എന്‍റെ വീട്ടിൽ 'അഗ്നിഹോത്ര യജ്ഞം' ആഴ്ചയിൽ രണ്ട് തവണ നടക്കുന്നുണ്ട്. കൂടാതെ നല്ല ശ്വസനത്തിനായി ഞാൻ എന്നും ശംഖും ഊതുന്നുണ്ട്. ഇത്രയൊക്കെ ചെയ്യുന്ന ഞാൻ മാസ്ക് ധരിച്ചില്ലെങ്കിലും ആരോഗ്യവതിയായി തന്നെ തുടരും", മന്ത്രി പറയുന്നു.
Also read: 'ബക്രീദ് ഇളവുകൾ പിൻവലിക്കണം', കേരള സർക്കാരിനെ വിമർശിച്ച് ഐഎംഎ